തൃശൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുറന്പോക്ക് ഭൂമികൈയേറ്റം കണ്ടെത്തിയത് തൃശൂർ ജില്ലയിൽ. ഭൂമി കൈയേറ്റങ്ങളുടെ പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ച ഇടുക്കിയെയും വയനാടിനെയും മറികടന്നാണു റവന്യൂവകുപ്പിന്റെ പരിശോധനയിൽ 434 കൈയേറ്റങ്ങൾ കണ്ടെത്തിയത്. ഇതിൽ 16 എണ്ണം മാത്രമാണ് ഒഴിപ്പിക്കാനായതെന്നും റിപ്പോർട്ട്. റവന്യൂവകുപ്പിന്റെ ജില്ല തിരിച്ചുള്ള കണക്കുകളിലാണ് ഇക്കാര്യം.
നദികൾ, ജലാശയങ്ങൾ എന്നിവയുടെ തീരങ്ങളിലെയും പുറന്പോക്കുകളിലെയും അധികൃത കൈയേറ്റങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ, പഞ്ചായത്ത്, ഇറിഗേഷൻ, പൊലിസ് വകുപ്പുകളെ ഏകോപിപ്പിച്ചാണു പരിശോധന നടത്തിയത്.
പത്തനംതിട്ടയിൽ-299, ആലപ്പുഴ-155, എറണാകുളം-164, എന്നിവിടങ്ങളിലാണു നൂറിൽ കൂടുതൽ കൈയേറ്റങ്ങളുള്ളത്. ഇതിൽതന്നെ ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിലാണ്. 434 കൈയേറ്റങ്ങളിൽ 112 കൈയേറ്റങ്ങൾക്കു നോട്ടീസ് നൽകി. 16 എണ്ണം ഒഴിപ്പിച്ചു. ആകെ 10.93 ഹെക്ടർ ഭൂമിയാണു കൈയേറിയതായി കണ്ടെത്തിയത്. ഇതിലേറെയും ജലസേചനവകുപ്പുമായി ബന്ധപ്പെട്ടാണ്. ചിറ്റിലപ്പിള്ളി, കാടുകുറ്റി, കുന്നംകുളം, ചെന്പൂക്കാവ്, പുത്തുരുത്തി, ചാലക്കുടി, കൊരട്ടി കിഴക്കുമുറി, മാടക്കത്തറ, കുറിച്ചിക്കര, വടക്കേക്കാട്, വെങ്കിടങ്ങ് എന്നിവിടങ്ങളിൽ പൂർണമായി ഒഴിപ്പിച്ചു. ഇതിൽ ചിറനെല്ലൂരിലെ 5.5 കിലോമീറ്റർ പുഴയോരവും ഉൾപ്പെടും.
കാറളം വില്ലേജിലാണ് ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ കണ്ടെത്തിയത്- 78. ആല- 19, ലോകമലേശ്വരം- 40, മേത്തല-35, പനങ്ങാട്-12, പാപ്പിനിവട്ടം- 39, എടത്തിരുത്തി-24, വള്ളിവട്ടം-26, പടിയൂർ-20, പൊറത്തിശേരി-58 എന്നിവിടങ്ങളിലാണു കൂടുതൽ കൈയേറ്റങ്ങൾ. ഇവിടങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പിനു നിർദേശം നൽകിയെന്നും രേഖകൾ വ്യക്തമാക്കുന്നു. പനങ്ങാട്, പുല്ലൂറ്റ്, അഴീക്കോട്, പാപ്പിനിവട്ടം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, ചെന്ത്രാപ്പിന്നി, വള്ളിവട്ടം, കാട്ടൂർ, പടിയൂർ, പൊറത്തിശേരി വില്ലേജുകളിൽ നദികളുടെയും തോടുകളുടെയും പുറന്പോക്കുകളാണു വ്യാപകമായി കൈയേറിയത്.
Tags :