ഇരിട്ടി: തലശേരി- വളവുപാറ കെഎസ്ടിപി റോഡിലൂടെയുള്ള യാത്ര അപകട ഭീഷണി ഉയർത്തുന്നു. നവീകരിച്ച റോഡിൽ സിഗ്നൽ ലൈറ്റും മുന്നറിയിപ്പ് ബോർഡുകളും ഉണ്ടെങ്കിലും അപകടങ്ങൾ പതിവാണ്. അശ്രദ്ധയും അമിതവേഗതയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഒരു മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് കൂട്ടുപുഴ - ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ മാത്രം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർ മരിക്കുകയും പരിക്കേറ്റ് നിരവധി പേർ ചികിത്സയിലുമാണ്.
കഴിഞ്ഞ ദിവസം കുരൻമുക്കിൽ ബൈക്കിന് പിറകിൽ വാൻ ഇടിച്ച് ഉരുവച്ചാൽ ഇടപഴശി സ്വദേശി മൂസക്കുട്ടി ഹാജി മരണപ്പെട്ടിരുന്നു. കൂടാതെ ഉളിയിൽ കുന്നിൻ കീഴിൽ വാഹനാപടകത്തിൽ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും കൂരൻ മുക്കിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്കും പരിക്കേറ്റു.
റോഡിന്റെ നിലവാരം മെച്ചപ്പെട്ടതോടെ വാഹനങ്ങളുടെ വേഗത പ്രധാന വില്ലനായി മാറുന്നു. വർധിച്ചു വരുന്ന റോഡ് അപകടങ്ങൾക്ക് പരിഹാരമായി വേഗതനിർണയ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. അനധികൃത പാർക്കിംഗും മറ്റൊരു കാരണമാണ്. നടപ്പാത കൈയേറി വാഹനങ്ങൾ നിർത്തിയിടുന്നതും പതിവാണ്. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കുന്നില്ലായെന്നാണ് ജനങ്ങളുടെ പരാതി. കൊട്ടിയൂർ ഉത്സവം ആരംഭിച്ചതോടെ റോഡുകളിലെ തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
Tags : Illegal parking speeding on the Thalassery-Valavupara