കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്എസ്) 2013 മുതൽ 2018 വരെ നബാർഡിന്റെ ട്രൈബൽ ഡെവലപ്മെന്റ് ഫണ്ട് പദ്ധതിയുടെ ഭാഗമായി തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിലെ 730 ആദിവാസി കുടുംബങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കിയ സമഗ്ര ആദിവാസി വികസന പദ്ധതിയുടെ സ്വാധീന പഠനം ആരംഭിച്ചു.
564.37 ഏക്കർ പ്രദേശത്തെ ഉൾക്കൊണ്ടാണ് പഠനം. ലോകബാങ്ക് കണ്സൾട്ടന്റും ഗ്രാമവികസന വിദഗ്ധനുമായ പി.കെ. കുര്യനാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ദീർഘകാല സാമൂഹ്യസാന്പത്തിക, കാർഷിക, ഉപജീവന മേഖലകളിലെ മാറ്റങ്ങൾ വിലയിരുത്തുന്നതിനായി വിവിധ ആദിവാസി കോളനികളിൽ അദ്ദേഹം സന്ദർശനം നടത്തി വരികയാണ്.
പഠനത്തിന്റെ ഭാഗമായി ഗുണഭോക്താക്കളുമായി ചർച്ച, ഫീൽഡ് സന്ദർശനങ്ങൾ, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, സമൂഹ പ്രതിനിധികളുമായുള്ള ആശയവിനിമയങ്ങൾ എന്നിവ നടത്തുന്നു. പദ്ധതിയുടെ ഭാഗമായി കാപ്പി, കുരുമുളക് എന്നിവയുടെ തോട്ടങ്ങൾ സ്ഥാപിക്കൽ, മണ്ണ്ജല സംരക്ഷണ പ്രവർത്തനങ്ങൾ, ജലസ്രോതസുകളുടെ വികസനം, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, തെങ്ങ്, മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയ ഇടവിളകളുടെ പ്രോത്സാഹനം, പശു, ആട്, കോഴി വളർത്തൽ, സ്വയംസഹായ സംഘങ്ങൾ, ഉത്പാദക സംഘടന, പരിശീലനങ്ങൾ, മെഡിക്കൽ ക്യാന്പുകൾ, സാന്പത്തിക സാക്ഷരതാ പരിപാടികൾ, കുടിവെള്ള പദ്ധതികൾ, റോഡുകൾ, ഭവനങ്ങൾ, ശുചിമുറികൾ, വൈദ്യുതീകരണം തുടങ്ങി നിരവധി സമഗ്ര വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു.
ഈ സ്വാധീന പഠനത്തിലൂടെ പദ്ധതിയുടെ ദീർഘകാല ഫലങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയും ആദിവാസി വികസന രംഗത്തെ മികച്ച മാതൃകകളും പഠനങ്ങളും രേഖപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ഭാവിയിൽ നബാർഡും മറ്റ് വികസന ഏജൻസികളും നടപ്പാക്കുന്ന ആദിവാസി വികസന പദ്ധതികൾക്ക് ഈ പഠനം മാർഗനിർദേശമാകുമെന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അധികൃതർ അറിയിച്ചു.
Tags : Nattuvishesham Districtnews