പ്രതീകാത്മക ചിത്രം
നാദാപുരം: കടയുടെ ഷട്ടർ തകർത്ത് നാദാപുരത്ത് ലക്ഷങ്ങളുടെ ഐ ഫോണുകൾ കവർന്ന കേസിൽ പൊലിസ് അന്വേഷണം കാസർഗോഡ് കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു.
നാദാപുരം - തലശേരി റോഡിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേരാണ് കടയിൽ നിന്ന് 92 ഐ ഫോണുകൾ കവർന്ന് രക്ഷപ്പെട്ടതെന്ന് പൊലിസ് കണ്ടെത്തിയത്. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് ചന്ദ്രഗിരി പുഴയിൽ തള്ളിയ നിലയിൽ അന്വേഷണ സംഘം കണ്ടെത്തി. ഓഗസ്റ്റ് 29 നാണ് നാദാപുരം ടൗണിലെ കടയിൽ പൊലിസിനെ ഞെട്ടിച്ച മോഷണം നടന്നത്.
28 ന് രാവിലെ തലശേരി റെയിൽവെ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത കെഎൽ 58 എക്സ് 4853 നമ്പർ പൾസർ ബൈക്ക് മോഷ്ടിച്ച ശേഷമാണ് രണ്ടംഗ സംഘം നാദാപുരത്ത് കവർച്ചക്കെത്തിയത്. കതിരൂർ സ്വദേശി കെ. വിപിന്റെ ഉടമസ്ഥതയിലുള്ളതാണ് പൾസർ ബൈക്ക്. ബൈക്ക് മോഷണം നടന്നതറിഞ്ഞ് വിപിൻ തലശേരി പൊലിസിൽ പരാതി നൽകുകയും പൊലിസ് കേസ് എടുക്കുകയും ചെയ്തിരുന്നു. കടയുടെ മുൻ ഭാഗത്തെ ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് മോഷണം നടത്തിയത്.
കവർച്ചയ്ക്ക് ശേഷം ബൈക്കിൽ നാദാപുരം - തലശേരി വഴി ദേശീയ പാതയിലേക്ക് ബൈപാസിൽ കടന്ന മോഷ്ടാക്കൾ കാസർഗോഡ് ഭാഗത്തേക്ക് കടക്കുകയായിരുന്നു. ഹെൽമറ്റും, മാസ്ക്കും ധരിച്ച നിലയിലായതിനാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.വീടുകൾ, സ്ഥാപനങ്ങൾ, കടകൾ തുടങ്ങിയവയിലെ 300 ലേറെ കാമറകളിലെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ പൊലിസിന് കച്ചിത്തുരുമ്പായത്.
Tags : Nattuvishesham DistrictNews DeepikaNews