പ്രതീകാത്മക ചിത്രം
നിലന്പൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് വനംവകുപ്പ് ധനസഹായത്തിന്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ കൈമാറി. എടവണ്ണ കിഴേക്ക ചാത്തല്ലൂരിൽ ഞായറാഴ്ച പുലർച്ചെ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട പരശുരാമൻകുന്നത്ത് പി.കെ. ഫാത്തിമയുടെ കുടുംബത്തിനാണ് നിലന്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ കെ.കെ. സുനിൽകുമാർ ധനസഹായം കൈമാറിയത്. ബാക്കി അഞ്ച് ലക്ഷം രൂപ വനംവകുപ്പും നാല് ലക്ഷം രൂപ ദുരന്ത നിവാരണ വിഭാഗത്തിൽ നിന്നും ലഭിക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ നൽകുമെന്ന വനംമന്ത്രി ഷിബുബേബി ജോണിന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഈ കുടുംബത്തിന് പിന്നീട് ഏഴ് ലക്ഷം രൂപ കൂടി വനംവകുപ്പിൽ നിന്ന് ലഭിക്കാനും സാധ്യതയുണ്ട്.
സ്ഥലം എംഎൽഎ കൂടിയായ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നിർദേശപ്രകാരം ഒരു മാസം കൂടി പ്രദേശത്ത് രാത്രികാല പട്രോളിംഗ് ഉണ്ടാകുമെന്ന് ഡിഎഫ്ഒ നാട്ടുകാർക്ക് ഉറപ്പുനൽകി. നിലന്പൂർ നോർത്ത് എസിഎഫ് അനീഷ സിദീഖ്, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ സമദ്, എടവണ്ണ റേഞ്ച് ഓഫിസർ എം.എൻ. ഷംനാസ്, കൊടുന്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സുനിൽകുമാർ, വാർഡ് അംഗം ആബിദ ശിഹാബ്, പി.കെ.സക്കീർ എന്നിവർ സന്നിഹിതരായിരുന്നു.
Tags : financial assistance NattuVishasham DistrictNews