തുറവൂർ: പാചകവാതക പ്രതിസന്ധിയും ബംഗാൾ തെരഞ്ഞെടുപ്പും തീരദേശ റെയിൽവേ ഇരട്ടിപ്പിക്കൽ ജോലികൾ നിലച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു തിരികെപ്പോയതാണ് കാരണം. ആരംഭിച്ച പണികൾ നിലവിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പുതിയ സ്ഥലങ്ങളിൽ പണി തുടങ്ങാൻ ആവശ്യത്തിനു തൊഴിലാളികളില്ലാത്ത സ്ഥിതിയാണ്. മഴക്കാലത്തിനു മുൻപു പരമാവധി പണി തീർത്തില്ലെങ്കിൽ പാത ഇരട്ടിപ്പിക്കൽ വൈകുമെന്ന് സൂചന.
തീരദേശപാതയിൽ ഇരട്ടിപ്പിക്കൽ ജോലികൾ നടന്നിരുന്ന എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ ഭാഗത്തുമാണ് പണികൾ നടന്നിരുന്നത്. ഇവിടങ്ങളിൽ നേരത്തെ സ്ഥലമേറ്റെടുത്തു റെയിൽവേയ്ക്കു കൈമാറിയിരുന്നു. ജില്ലയിൽ അരൂർ പാലം ഉൾപ്പെടെയുള്ള നിർമാണം പുരോഗമിക്കുന്നുണ്ടായിരുന്നു. കുമ്പളം-തുറവൂർ ഭാഗത്ത് പാലങ്ങളുടെയും യാഡുകളുടെയും പണികളും പുതിയ പാതയ്ക്കായി മണ്ണിട്ടുയർത്തുന്നതും നടക്കുന്നുണ്ടായിരുന്നു.
പണിക്കാരെ കൂടുതൽ എത്തിച്ച് കൂടുതൽ സ്ഥലങ്ങളിൽ പണി നടത്താൻ എൻജിനിയറിംഗ് വിഭാഗം ആലോചിച്ചെങ്കിലും തൊഴിലാളികൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാലങ്ങളുടെയും മറ്റും നിർമാണത്തിനു കോൺക്രീറ്റ് എത്തിക്കുന്ന പ്ലാന്റുകളിലും തൊഴിലാളികൾ കുറവാണ്. ബംഗാളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തൊഴിലാളികൾ എത്തുമെന്ന് പ്രതീക്ഷയില്ല.
മേയ് അവസാനത്തോടെ മഴ ആരംഭിച്ചാൽ പണിയുടെ വേഗം കുറയും. മിക്കയിടത്തും ചതുപ്പിനു സമാനമായ സ്ഥലത്താണ് പുതിയ പാത നിർമിക്കുന്നത്. മഴക്കാലത്ത് ഇവിടെ പണി നടത്തുന്നത് ക്ലേശകരമായിരിക്കും.
പാചകവാതക സിലിണ്ടർ ലഭിക്കാത്തതു വെൽഡിംഗ്, കട്ടിംഗ് ജോലികളെയും തൊഴിലാളികളുടെ പാചകത്തെയും ബാധിക്കുന്നുണ്ട്. അത്യാവശ്യത്തിനുള്ള സിലിണ്ടർ ലഭിക്കുന്ന സ്ഥലങ്ങളിൽ പണികൾ തടസപ്പെട്ടിട്ടില്ല.
അരൂർ-കുമ്പളം പാലത്തിൽ അരൂർ ഭാഗത്തുനിന്നു ദേശീയ ജലപാതയുടെ ഭാഗം വരെയുള്ള പൈലിംഗ് പൂർത്തിയായിട്ടുണ്ട്. ഇവിടെ തൂണുകളുടെ പകുതിയോളം പണി കഴിഞ്ഞിട്ടുണ്ട്. കുമ്പളം ഭാഗത്തുനിന്നുള്ള പൈലിംഗാണ് ഇപ്പോൾ നടക്കുന്നത്. എറണാകുളം, കോട്ടയം ജില്ലകളിൽനിന്നു മണ്ണ് മുടക്കമില്ലാതെ എത്തുന്നുണ്ടെങ്കിലും കൂടുതൽ മണ്ണ് ലഭ്യമായാൽ പാത ഉയർത്തൽ വേഗത്തിലാക്കാമെന്നാണ് എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.