ചാരുംമൂട്: വ്യാപാരി സഹകരണസംഘത്തിന്റെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ സൊസൈറ്റി മുൻ പ്രസിഡന്റും കായംകുളം നഗരസഭാ കൗൺസിലറുമായ നുജുമുദ്ദീൻ ആലുംമൂട്ടിലിനെ (65) നൂറനാട് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു.
സൊസൈറ്റിയുടെ ചാരുംമൂട് ബ്രാഞ്ചിന്റെ ചുമതലക്കാരനായിരുന്ന കായംകുളം കീരിക്കാട് ഹരിശ്രീ വീട്ടിൽ ഹരികുമാറിനെയും (53) പിടികൂടി. തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്ന നുജുമുദ്ദീൻ ഒരാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ, കൂടുതൽ പരാതിക്കാർ രേഖകളുമായി എത്തിയതോടെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയും ജില്ലാ കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.
തുടർന്നാണ് നൂറനാട് എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ നുജുമുദ്ദീൻ പ്രസിഡന്റായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. ചാരുംമൂട് ബ്രാഞ്ച് കേന്ദ്രീകരിച്ച് വ്യാപാരികളിൽ നിന്നും പൊതുജനങ്ങളിൽനിന്നും ചിട്ടിയായും സ്ഥിരനിക്ഷേപമായും കോടിക്കണക്കിന് രൂപ സൊസൈറ്റി സമാഹരിച്ചിരുന്നു.
വൻ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതിരിക്കുകയും തുക ചോദിച്ചെത്തിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹകരണവകുപ്പ് നടത്തിയ പരിശോധനയിൽ ഏകദേശം 6,18,68,346 രൂപയുടെ നഷ്ടം സൊസൈറ്റിക്ക് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നൂറനാട് സ്റ്റേഷനിൽ മാത്രം ഇതുവരെ 18 കേസുകളാണ് പ്രതികൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കൂടാതെ കായംകുളം പോലീസ് സ്റ്റേഷനിലും ഇവർക്കെതിരേ കേസുകളുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേേശപ്രകാരം പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അറസ്റ്റിലായ പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിലവിൽ പ്രതികൾ മാവേലിക്കര സ്പെഷൽ സബ് ജയിലിലാണ്. വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ ജില്ലാ പ്രസിഡന്റായിരുന്ന നുജുമുദീൻ ആലുംമൂട്ടിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കായംകുളം നഗരസഭ 26-ാം വാർഡിൽനിന്ന് ഇത്തവണ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
നിക്ഷേപം, സ്ഥിരനിക്ഷേപം, ചിട്ടി എന്നിവയിലായി കോടിക്കണക്കിനു രൂപയാണ് നൂറുക്കണക്കിനാളുകൾക്ക് കിട്ടാനുള്ളത്. 12 വർഷം മമ്പ് ആരംഭിച്ച വ്യാപാരി സഹകരണ സംഘത്തിന്റെ മറവിലായിരുന്നു നിക്ഷേപ തട്ടിപ്പ്.
രണ്ടായിരത്തോളം ചെറുകിട വ്യാപാരികളും നാട്ടുകാരുമാണ് തട്ടിപ്പിനിരയായത്. നൂറനാട് തത്തംമുന്ന സ്വദേശിയുടെ പരാതിയിലാണ് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരാതിക്കാരൻ നിക്ഷേപമായി 2,55,000 രൂപയും മാസച്ചിട്ടിയിൽ 3,56,061 രൂപയും അടച്ചിരുന്നു. 6.11 ലക്ഷം രൂപയും അതിന്റെ പലിശയും ലഭിക്കാത്തതിനെത്തുടർന്നാണ് പരാതി നൽകിയത്.
പണം തിരികെ ലഭിക്കാത്തതിനെത്തു ടർന്ന് നിക്ഷേപകർ രണ്ടു വർഷം മുമ്പ് ഹരിപ്പാട് അസി. രജിസ്ട്രാർ, ആലപ്പുഴ ജോ. രജിസ്ട്രാർ, സംസ്ഥാന ഓംബുഡ്സ്മാൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. നിക്ഷേപകരുടെ പണം മാർച്ച് 31-നകം തിരികെ നൽകണമെന്ന് സംസ്ഥാന ഓംബുഡ്സ്മാൻ ഉത്തരവ് നൽകിയിരുന്നെങ്കിലും ഒരാൾക്കു പോലും പണം ലഭിച്ചില്ല. 2024ൽ വ്യാപാരി സഹകരണ സംഘ ത്തിന്റെ കായംകുളം ഹെഡ് ഓഫീസിനു മുന്നിൽ നിക്ഷേപകർ സംഘടിച്ച് പ്രതിഷേധിച്ചിരുന്നു.