മുസിരിസ് പദ്ധതിപ്രദേശമായ കോട്ടപ്പുറത്ത് ആരംഭിച്ച ജലസാഹസിക വിനോദങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം മന്ത്രി ഒ.ജെ. ജനീഷ് കയാക്കിംഗിൽ ഏർപ്പെട്ടപ്പോൾ.
കൊടുങ്ങല്ലൂർ: മുസിരിസ് പദ്ധതിപ്രദേശമായ കോട്ടപ്പുറത്ത് ആരംഭിച്ച ജലസാഹസികവിനോദങ്ങൾ മന്ത്രി ഒ.ജെ. ജനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. മുസിരിസ് പദ്ധതിപ്രദേശങ്ങളിലുള്ള ജലസാഹസിക സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ കോട്ടപ്പുറം വാട്ടർ ഫ്രണ്ട്, പറവൂർ വാട്ടർ ഫ്രണ്ട് എന്നിവ കേന്ദ്രീകരിച്ച് 26 കയാക്കുകളും പതിനാലു കനോയികളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നാലു വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന പൈതൃകകേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോട്ട് സർവീസ് ഉടൻ പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആറുപേർക്ക് കയറാവുന്ന രണ്ട് വാട്ടർ ടാക്സികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 24 പേർക്കു കയറാവുന്ന മൂന്നു ബോട്ടുകൾ മൂന്നുമാസത്തിനകം സർവീസ് ആരംഭിക്കും. കൊടുങ്ങല്ലൂർ നഗരസഭാധ്യക്ഷ ഹണി പീതാംബരൻ, പറവൂർ നഗരസഭ അധ്യക്ഷനും മുസിരിസ് ഡയറക്ടർ ബോർഡ് അംഗവുമായ രമേശ് ഡി. കുറുപ്പ്, നഗരസഭ കൗണ്സിലർ വി.എം. ജോണി, മുസിരിസ് പൈതൃകപദ്ധതി മാനേജിംഗ് ഡയറക്ടർ കെ.എസ്. ഷൈൻ സംബന്ധിച്ചു.
Tags : NattuVishesham.DistricteNews