കേച്ചേരിയിൽ ഇന്നലെ പുലർച്ചെ ട്രെയിലർ ലോറി വീട്ടിൽ ഇടിച്ചുകയറിയ നിലയിൽ.
കേച്ചേരി: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ കേച്ചേരി എരനെല്ലൂർ കെഎഫ്സിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ വീടിന് വൻ നാശനഷ്ടം.
ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. തൃശൂർ ഭാഗത്തുനിന്നു കുന്നംകുളം ഭാഗത്തേക്ക് അമിതവേഗത്തിൽ പോയിരുന്ന ട്രെയിലർ ലോറി കാറിൽ തട്ടിയതിനെത്തുടർന്നാണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
കെഎഫ്സിയിൽനിന്ന് ഭക്ഷണംകഴിച്ച് മറുവശത്തെ റോഡിലേക്കു കടക്കുന്നതിനിടെയാണ് കാറിൽ ലോറി തട്ടിയത്. ഇതോടെ നിയന്ത്രണം നഷ്ടമായ ലോറി കെഎഫ്സിയുടെ മതിൽ തകർത്ത് സമീപത്തെ കൂറ്റൻ മാവും കടപുഴക്കിയെറിഞ്ഞ് തൊട്ടടുത്തുള്ള പൊറുത്തൂർ വീട്ടിൽ തന്പി എന്ന മാത്യുവിന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വീടിന്റെ സിറ്റൗട്ട് പൂർണമായും തകർന്നു. അതിവേഗത്തിൽ ഇടിച്ചുകയറിയതുമൂലം വീടിന് വിള്ളലുകളും സംഭവിച്ചു. സിറ്റൗട്ടിൽ ഉണ്ടായിരുന്ന വീട്ടുസാധനങ്ങളും തകർന്നു.
വീടിനകത്ത് കിടന്നുറങ്ങിയിരുന്ന കുടുംബം തലനാരിഴയ്ക്കാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. വഴിയാത്രക്കാർക്കും പരിക്കേറ്റില്ല. അപകടത്തിൽ കാറിനും ട്രെയിലർ ലോറിക്കും കേടുപാടുകൾ സംഭവിച്ചു
Tags : NattuVishesham.DistricteNews