പ്രതീകാത്മക ചിത്രം
പോത്തൻകോട്: സ്കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ചതിൽനിന്നു ചാക്കുകണക്കിന് അരി മറിച്ചുകടത്തിയ സംഭവത്തിൽ അധികൃതർ വ്യാജരേഖ ചമച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് സ്കൂൾ പ്രഥമാധ്യാപികയ്ക്കെതിരേ പോത്തൻകോട് പൊലിസ് കേസെടുത്തു. പോത്തൻകോട് കരൂരിലുള്ള എൽവിഎച്ച്എച്ച്എസ് സ്കൂളിലെ പ്രഥമാധ്യാപികയ്ക്കെതിരെയാണ് കേസെടുത്തത്.
കേസ് റജിസ്റ്റർ ചെയ്യാൻ പോത്തൻകോട് പൊലിസിനു റൂറൽ എസ്പി ഓഫിസിൽനിന്നും നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടി. 168 വിദ്യാർഥികൾ മാത്രമാണ് ഉച്ചഭക്ഷണ പദ്ധതിയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയത്. എന്നാൽ 583 വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതായി വ്യാജരേഖയുണ്ടാക്കി അരി തട്ടിയെ ന്നാണ് കേസ്. ഇതിന്റെ ഭാഗമായി കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുത്തശേഷമാണു വ്യാജരേഖ ചമയ്ക്കൽ, വഞ്ചന കുറ്റങ്ങൾ ചുമത്തി പൊലിസ് കേസ് റജിസ്റ്റർ ചെയ്തത്. സ്കൂൾ സമയം കഴിഞ്ഞു രണ്ടു ജീവനക്കാർ റിട്ട. ഉദ്യോഗസ്ഥന്റെ കാറിൽ ചാക്കുകണക്കിന് അരി കടത്തുന്ന മൊബൈൽ ദൃശ്യങ്ങളുൾപ്പെടെ ഹാജരാക്കി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് സ്കൂളിൽ ഉച്ചഭക്ഷണത്തിലെ അരി എണ്ണം കൂട്ടി എഴുതി നടത്തിയ തട്ടിപ്പു പുറത്തുവന്നത്.
Tags : Irregularities NattuVishasham DistrictNews