സമയമെടുക്കുമോ... റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിലെ അപ്പീൽ വാദം കേൾക്കുന്നതിനായി വിദ്യാഭ്യാസവകുപ്പിന്റെ തൊടുപുഴയിലെ കൈറ്റ് ജില്ലാ കേന്ദ്രത്തിൽ നടത്തിയ ക്യ
തൊടുപുഴ: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ അപ്പീല്‍ വാദം കേള്‍ക്കലില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൃത്യമായ ഏകോപനമില്ലായ്മ വിദ്യാര്‍ഥികളെ വലച്ചതായി പരാതി.
കഴിഞ്ഞമാസം 17 മുതല്‍ 21 വരെ മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസില്‍ നടന്ന കലോത്സവത്തില്‍നിന്നു 43 അപ്പീലുകളാണ് കമ്മിറ്റിക്കു മുമ്പാകെ എത്തിയത്. ഇതിൽ 42 അപ്പീലുകളിൽ ഇന്നലെ വാദം കേട്ടു. ഫലപ്രഖ്യാപനത്തില്‍ ആക്ഷേപമുള്ളവര്‍ അന്നുതന്നെ 5,000 രൂപ ഫീസടച്ച് അപ്പീല്‍ നല്‍കിയിരുന്നു.
എന്നാല്‍ അപ്പീല്‍ വാദം നേരില്‍ കേള്‍ക്കാന്‍ ഇന്നലെ രാവിലെ 9.30ന് തൊടുപുഴയിലെ കൈറ്റ് ഓഫീസില്‍ എത്താന്‍ ഡിഇഒയില്നിന്ന് അറിയിപ്പ് ലഭിച്ചു. ഇതനുസരിച്ച് ജില്ലയിലെ ഹൈറേഞ്ച് മേഖലയിലേതടക്കം വിവിധ സ്കൂളുകളില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം ഇന്നലെ രാവിലെ ഒമ്പതോടെ സ്ഥലത്തെത്തി. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രാവിലെ 10നു ശേഷമാണ് എത്തിയത്. ആദ്യ അപ്പീല്‍ വിളിച്ചപ്പോഴേക്കും ഒരു മണിക്കൂര്‍ വൈകി.
കൃത്യമായ ഷെഡ്യൂള്‍ ഇല്ലാതിരുന്നതും ക്രമീകരണങ്ങളുടെ അഭാവവും കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ദുരിതത്തിലാക്കി.
മൂന്നാര്‍, മറയൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വീട്ടില്‍നിന്നു 150 കിലോമീറ്ററോളം സഞ്ചരിച്ചാണ് പലരും തൊടുപുഴയില്‍ എത്തിയത്.
പരാതിക്കാരെ വിളിച്ചുതുടങ്ങിയപ്പോള്‍ ആരെ എപ്പോള്‍ വിളിക്കുമെന്നറിയാത്തതിനാല് ഭക്ഷണം കഴിക്കാന്‍ പോകാന്‍പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. ദൂരെനിന്നുള്ളവര്‍ തങ്ങളെ എപ്പോള്‍ വിളിക്കുമെന്ന് ചോദിച്ചപ്പോള്‍ ദൂരെനിന്നുള്ളവരെ ആദ്യം വിളിക്കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. അപ്പീലില്‍ ഇനി അനുകൂല നടപടിയുണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും. എന്നാൽ അപ്പീൽവാദം വൈകിയില്ലെന്നും ഗ്രൂപ്പിനങ്ങളുടെ വീഡിയോ പരിശോധനയ്ക്കാണ് കാലതാമസം ഉണ്ടായതെന്നും അധികൃതർ പറഞ്ഞു.
അപ്പീല്‍ നല്‍കിയിരിക്കുന്ന ഇനങ്ങളുടെ വീഡിയോ പരിശോധന ഇന്നലെ വിധികര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ നടത്തി. പിന്നീട് ഇതില്‍ എത്ര പേര്‍ക്ക് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടെന്ന് നിശ്ചയിക്കും. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് അപ്പീല്‍ വഴി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കൃത്യമായ പരിശോധനയ്ക്കു ശേഷമാകും യോഗ്യത നേടുന്നവരെ നിശ്ചയിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
Tags : Kalotsavam nattuvisesham local news