ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവം ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവത്തിന് കൊവ്വല്‍പള്ളിയില്‍ തുടക്കമായി. ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി.രമേശന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം മുഖ്യാതിഥിയായിരുന്നു.
സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കരിവെള്ളൂര്‍ മുരളി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സി. മെംബര്‍ പി.വി.കെ. പനയാല്‍ ആമുഖ ഭാഷണം നടത്തി. വായന കളരിയുടെ ഭാഗമായി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൈയെഴുത്ത് മാസികകള്‍ തയാറാക്കിയ ജില്ലയിലെ 10 ഗ്രന്ഥശാലകള്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. ദിലീപ്കുമാര് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
സുറാബിന്റെ "വീട്ടില്‍ കയറിയ മഴ' എന്ന പുസ്തകവും രാജന് കൊടക്കാടിന്റെ "ജീവന്റെ വിലയുള്ള കളികള്‍' എന്ന പുസ്തകവും കവി ദിവാകരന് വിഷ്ണുമംഗലം പ്രകാശനം ചെയ്തു. എ.കെ. ശശിധരന് ഏറ്റുവാങ്ങി.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. പ്രഭാകരന്, ഫൗസിയ ഷെരീഫ്, മഹമൂദ് മുറിയനാവി, പി. അപ്പുക്കുട്ടന്, രവീന്ദ്രന് കൊടക്കാട്, കെ. ദാസപ്പ ഷെട്ടി, എ. കരുണാകരന്, ജോസ് സെബാസ്റ്റ്യന്‍, ടി. രാജന് എന്നിവര്‍ പ്രസംഗിച്ചു. നൂറോളം സ്റ്റാളുകള്‍ ഉള്ള പുസ്തകോത്സവം നാളെ വൈകുന്നേരം സമാപിക്കും.
Tags :