കരുവാരകുണ്ട് കെടിഎം കോളജിൽ ആരംഭിച്ച കോമേഴ്സ് റിസർച്ച് സെന്റർ
കരുവാരകുണ്ട്: കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ. കരുവാരകുണ്ട് കെടിഎം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കൊമേഴ്സ് വിഭാഗത്തിന്റെ റിസർച്ച് സെന്റർ ഉദ്ഘാടനവും കാലിക്കട്ട് സർവകലാശാല പ്രൊ വൈസ് ചാൻസലറായി നിയമിതനായ പ്രഫ. ഡോ.പി. റഷീദ് അഹമ്മദിന് സ്വീകരണവും നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഉപരിപഠനത്തിനായി വിദ്യാർഥികൾ പുറത്തുപോകേണ്ട അവസ്ഥ ഇല്ലാതെയാക്കി ഉന്നത പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ കേരളത്തിൽ തന്നെ ഒരുക്കുകയാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കോളജിലെ ഗവേഷണ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും കൊമേഴ്സ് മേഖലയിലെ അധ്യാപക, വിദ്യാർഥി ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കെടിഎം കോളജിൽ റിസർച്ച് സെന്റർ ആരംഭിച്ചത്.
ദാറുന്നജാത്ത് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി എം. ഉമ്മർ അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗം ഖാലിദ് റഹ്മാൻ മാങ്കാവിൽ, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.എൻ.കെ. മുഹമ്മദ് അസ്ലം, പ്രഫ. ഡോ.പി. റഷീദ് അഹമ്മദ്, കളത്തിൽ കുഞ്ഞാപ്പുഹാജി, രാജൻ കരുവാരകുണ്ട്, ശുഹൈബ് ആലുങ്ങൽ, ഡോ. ഒ.അബ്ദുൾ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.