ഒറ്റപ്പാലം: കിൻഫ്ര പ്രതിരോധ പാർക്കിൽ പ്രഖ്യാപിച്ച ഗ്രാഫീൻ പ്രീപ്രൊഡക്്ഷൻ സെന്റർ തുടങ്ങാനുള്ള നടപടികൾ ഇഴയുന്നു. പദ്ധതിച്ചുമതലയുള്ള കേരള ഡിജിറ്റൽ സർവകലാശാല കിൻഫ്രയുമായി ധാരണാപത്രം ഒപ്പുവച്ച് മാസങ്ങൾ പലതു കഴിഞ്ഞിട്ടും നിർമാണം ഇപ്പോഴും തുടങ്ങിയില്ല.
ഭൗതികസൗകര്യങ്ങളൊരുക്കാനുള്ള നടപടികളാണ് സാങ്കേതികതടസംമൂലം വൈകുന്നത്. നാളെയുടെ പദാർഥമെന്നു വിശേഷിപ്പിക്കുന്ന ഗ്രാഫീൻ നിർമാണരംഗത്തേക്ക് കടക്കാൻ 230 കോടി രൂപയാണ് മുൻ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചത്.
അതിന് ആദ്യമായി ഒരുക്കേണ്ടത് കെട്ടിടമാണ്. കിൻഫ്രാപാർക്കിലെ കോമൺ ഫെസിലിറ്റി സെന്റർ കെട്ടിത്തിലെ 55,000 ചതുരശ്രയടി സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്താൻ ധാരണയുള്ളത്.
ഈ സ്ഥലം സജ്ജമാക്കാനുള്ള ഡിസൈനുകൾക്ക് ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ലന്നാണ് സൂചന. കിൻഫ്ര പാർക്കിൽ ഇപ്പോഴും ധാരാളം സ്ഥാപനങ്ങൾക്ക് കടന്നുവരുന്നതിനുള്ള ഭൗതിക സാഹചര്യമുണ്ട്.
എന്നാൽ വിരലണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോഴും ഇവിടെ പ്രവർത്തിച്ചു വരുന്നത്. വിദേശകമ്പനികൾ കടന്നുവരാത്ത സാഹചര്യവുമുണ്ട്. പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യം കൈവരിക്കാൻ ഇപ്പോഴും കഴിയാത്ത സാഹചര്യമാണുള്ളത്.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടലുകളുണ്ടായാൽ മാത്രമേ അന്യസംസ്ഥാന, വിദേശ സ്ഥാപനങ്ങൾ വ്യവസായ സംരംഭങ്ങളുമായി ഇവിടേക്ക് എത്തുകയുള്ളൂ. പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിൽ പാലപ്പുറത്തിനും ലക്കിടി കൂട്ടുപാതയ്ക്കും മധ്യയാണ് കിൻഫ്ര പാർക്ക് സ്ഥാപിച്ചിട്ടുള്ളത്.
വൻ വ്യവസായ സംരംഭങ്ങൾ പാർക്കിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്താണ് ലക്കിടിയിൽ വ്യവസായ പാർക്ക് യാഥാർഥ്യമായത്. ഇന്ത്യൻ സേനക്കാവശ്യമായ സാധന സാമഗ്രികൾ, യുദ്ധ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കേന്ദ്രവും ഇവിടെ സ്ഥാപിക്കാൻ ആലോചയുണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews KINFRA