അറസ്റ്റിലായ പ്രതി
കുളത്തൂപ്പുഴ: ഭക്തിയുടെമറവിൽഅന്ധവിശ്വാസം മുതലെടുത്ത് വയോധികയുടെ സ്വർണ ഏലസുമായി മുങ്ങിയവ്യാജലാടവൈദ്യൻ മാസങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽനിന്നും കുളത്തൂപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തു. തെങ്കാശി കടയനല്ലൂർ സ്വദേശി മുരുകനെ (48) ആണ് പൊലിസ് പിടികൂടിയത്. കഴിഞ്ഞ ജൂൺ 30ന് സാംനഗർ വയലിറക്കത്ത് വീട്ടിലെത്തിയ മുരുകൻ, വയോധികയുടെ കഴുത്തിലുണ്ടായിരുന്ന കറുത്ത ചരടിൽ കെട്ടിയ അരപ്പവൻ തൂക്കവും ഏകദേശം 60,000 രൂപ വിലമതിക്കുന്നതുമായ സ്വർണ ഏലസാണ് തട്ടിയെടുത്തത്.
ഈ ഏലസ് വയോധികയുടെ ആൺമക്കൾക്ക് ദോഷമുണ്ടാക്കുമെന്നും പൂജ നടത്തി ദോഷം മാറ്റി രണ്ട് ദിവസത്തിനകം തിരികെ നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ഏലസ് വാങ്ങിക്കൊണ്ടുപോയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഏലസ് തിരികെ നൽകാതെ വന്നപ്പോൾ വയോധിക കുളത്തൂപ്പുഴ പൊലിസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് റൂറൽ എസ്പി ഷാജി സുഗുണന്റെ നിർദേശപ്രകാരം പുനലൂർ ഡിവൈഎസ്പി ജോസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതിയുടെ ഫോൺ നമ്പറോ മറ്റ് സാങ്കേതിക വിവരങ്ങളോ ലഭ്യമല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. തുടർന്ന് വ്യാജ ജ്യോതിഷികളെയും ലാടന്മാരെയും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കി.
വ്യാജ ലാടന്മാരുടെ പട്ടിക ശേഖരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തെന്മല സർക്കിൾ ഇൻസ്പെക്ടർ എൻ.സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.