ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പൗരാണികമായ ആചാരങ്ങളെയും താന്ത്രിക പാരമ്പര്യങ്ങളെയും തകര്‍ക്കുന്ന രീതിയിലുള്ള ദേവസ്വം ഭരണസമിതിയുടെ നിലപാടുകള്‍ക്കെതിരേ പ്രതിഷേധവുമായി ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണസമിതി രംഗത്ത്.
മറ്റ് ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒട്ടേറെ വിശേഷതകളും സവിശേഷമായ പൂജാ വിധാനങ്ങളുമുള്ള പ്രത്യേകിച്ച് പദ്ധതി ക്ഷേത്രമെന്ന നിലയിലും ഇതിന്റെ പൈതൃകവും പാരമ്പര്യവും നിലനിര്ത്തണ്ടതാണ്. എന്നാല്‍ ഇത് സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണസമിതിയുടെ ഭാഗത്തുനിന്നു സമീപകാലത്തുണ്ടായ ആചാരാനുഷ്ഠാനങ്ങളെ ധിക്കരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നുവെന്ന് സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെ പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരം ഏറ്റെടുത്തവര്‍ നുണപ്രചരണങ്ങള്‍ നടത്തി ക്ഷേത്ര പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കോട്ടം തട്ടുന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്നത് ക്ഷേത്രത്തിന്റെ സവിശേഷമായ പാരമ്പര്യത്തെ തകര്‍ക്കുന്നതിന് കാരണമാകും. സത്യപ്രതിജ്ഞാലംഘനം നടത്തുന്ന ഈ ഭരണസമിതിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണസമിതി ആവശ്യപ്പെട്ടു.
കൂടല്‍മാണിക്യം ആക്ടില്‍ തന്ത്രിയുടെ അധികാരമെന്ത്, ഭരണസമിതിയുടെ അധികാരമെന്ത് എന്ന് കൃത്യമായി നിര്വചിച്ചിരിക്കേ, തങ്ങള്‍ക്കില്ലാത്ത അധികാരമുപയോഗിച്ച് ക്ഷേത്ര ചടങ്ങുകളില്‍നിന്ന് തന്ത്രിമാരെ മാറ്റിനിര്‍ത്താനുള്ള ശ്രമം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
ആറു തന്ത്രികുടുംബാംഗങ്ങളില് അഞ്ചു കുടുംബാംഗങ്ങളും കഴിഞ്ഞ ഉത്സവം മുതല്‍ ഇതുവരെ ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നുവെന്ന് വ്യാജപ്രചാരണങ്ങള്‍ നടത്തുകയും എല്ലാ തന്ത്രികുടുംബാംഗങ്ങളുടേയും അവകാശം ഒരു കുടുംബത്തേയ്ക്ക് മാത്രം ചുമതല നല്‍കിയത് നിയമപരമായി നിലനില്‍ക്കാത്തതാണ്. പാരമ്പര്യമായി നിലനിന്നുപോരുന്ന തന്ത്രി കുടുംബങ്ങളെ ഉത്സവ നോട്ടീസില്നിന്നു ഒഴിവാക്കിയ നടപടിയെ അപലപിക്കുന്നതായും സി.ജി. കൃഷ്ണകുമാര്‍, പി.എസ്. ജയശങ്കര്‍, ഹരി വാരിയര്‍, വി.പി. രാധാകൃഷ്ണന്, കാവനാട് കൃഷ്ണന് നമ്പൂതിരി, ഉണ്ണികൃഷ്ണ പൊതുവാള് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Tags : Koodalamanikyam Temple nattuvishesham local news