കൂത്താട്ടുകുളം: രണ്ടുമാസത്തിലേറെയായി മുടങ്ങിക്കിടന്ന കൂത്താട്ടുകുളം മാർക്കറ്റ് റോഡിന്റെ നിർമാണം പുനരാരംഭിച്ചു. വ്യാപാരികളുടെ സമരത്തെ തുടർന്നാണ് നടപടി. നിലവിൽ ഇടയാർ കവല മുതൽ ടൗൺ വരെയുള്ള റോഡിന്റെ സൈഡ് കോൺക്രീറ്റിംഗും അഴുക്കുചാലുകൾക്കുള്ളിലെ ബേസ്മെന്റ് കോൺക്രീറ്റിംഗുമാണ് ആരംഭിച്ചിട്ടുള്ളത്.
കൂത്താട്ടുകുളം നടക്കാവ് ഹൈവേയുടെ റീ ടാറിംഗിന്റെ ഭാഗമായി കൂത്താട്ടുകുളം അശ്വതി ജംഗ്ഷൻ മുതൽ സെൻട്രൽ കവല വരെയുള്ള ഭാഗത്തെ അഴുക്കുചാലുകളുടെ നിർമാണം നടന്നുവരികയായിരുന്നു.
മാർച്ച് മാസം അവസാനത്തോടെ നിർമാണം പൂർത്തീകരിക്കും എന്നാണ് അധികൃതർ അന്ന് അറിയിച്ചിരുന്നത്. തുടക്കം മുതൽ തന്നെ മന്ദഗതിയിൽ പോയിരുന്ന നിർമാണ പ്രവർത്തനങ്ങൾ രണ്ടുമാസം മുമ്പ് പൂർണമായി നിലയ്ക്കുകയായിരുന്നു. ഇതോടെ നിർമാണം പൂർത്തിയാകാതെ തുടരുന്ന അഴുക്കുചാലുകളിൽ വീണ് യാത്രക്കാർക്കും വ്യാപാരികൾക്കും പരിക്ക് പറ്റുന്നത് നിത്യ സംഭവമായി മാറി.
മാർക്കറ്റ് റോഡിലെ ദുരിത യാത്രയ്ക്ക് അവസാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകുളം മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് തിങ്കളാഴ്ച മുതൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഇടയ്ക്കിടെ പെയ്യുന്ന മഴ നിർമാണ വേഗതയെ ബാധിക്കുന്നുണ്ട്. റോഡിൽ നിന്നും ഉയർന്നു നിൽക്കുന്ന തരത്തിൽ കനം കൂടിയ സ്ലാബുകൾ ആവും അഴുക്കുചാലുകൾക്ക് മുകളിൽ സ്ഥാപിക്കുക.