പാലത്തിന്റെ പാർശ്വഭിത്തിക്ക് സമീപം രൂപപ്പെട്ട കുഴി.
മുക്കം: അടുത്തിടെ പുതുക്കി പണിത കൊടിയത്തൂർ കോട്ടമുഴി പാലം വീണ്ടും അപകട ഭീഷണിയിൽ. പാലത്തിന്റെ സമീപന റോഡിന്റെ പാർശ്വഭിത്തിക്ക് സമീപം വെള്ളപ്പൊക്കത്തെ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടു.
മണ്ണ് ഒലിച്ചുപോയതിനെ തുടർന്ന് ഭിത്തിക്കടിയിലെ കല്ലുകൾ താഴ്ന്ന നിലയിലാണ്. പാലത്തിന് സമീപത്തെ തോടിനോട് ചേർന്ന് നിർമിച്ച സംരക്ഷണ ഭിത്തിയുടെ അരികിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ സമീപന റോഡിൽ പുഴയുടെ ഭാഗത്ത് വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിലും സംരക്ഷണഭിത്തി തകരാനുള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
നേരത്തെ നിർമാണ സമയത്ത് നിരവധി തവണ പാലത്തിന്റെ സമീപന റോഡ് തകർന്നത് വിവാദമായിരുന്നു. നൂറ് മീറ്ററോളം ഭാഗം പുഴയിലേക്ക് പതിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങളും നടന്നിരുന്നു. സ്കൂൾ ബസുകളുൾപ്പെടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ദിവസേന സർവീസ് നടത്തുന്നത് കോട്ടമുഴി പാലം വഴിയാണ്. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് ആശങ്ക ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
എന്നാൽ ഉടനടി ആവശ്യമായ പരിഹാരം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Tags : Nattuvishesham Local News Kottamuzhi Bridge