അപകടത്തിൽപ്പെട്ട ലോറി
വൈക്കം: മിനി ലോറിയും ബെൻസ് കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു. അപകടത്തിൽ മിനി ലോറിയിൽ സഞ്ചരിച്ച ഡ്രൈവറടക്കം നാലു പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ പിറവം പാഴൂർതാന്നിക്കൽ അനീഷ് (43), കിഷോർ (40), അനീഷിന്റെ പണിക്കാരായ ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കൾ എന്നിവർക്കാണ് പരിക്കറ്റത്.
അനീഷിന്റെ ചെവിക്കു പിന്നിലും ഇതര സംസ്ഥാനക്കാരായ യുവാക്കളുടെ തലയ്ക്കുമാണ് പരിക്കേറ്റത്. കിഷോർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ സഞ്ചരിച്ചിരുന്നവർക്ക് പരിക്കില്ല. തലയാഴം തോട്ടകം വളഞ്ഞമ്പലത്തിന് സമീപം ഇന്നലെ രാവിലെ 7.45യായിരുന്നു അപകടം.
വെച്ചൂർ ഭാഗത്തുനിന്ന് വൈക്കത്തക്കുവന്ന കൊല്ലം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ പിറവത്തുനിന്ന് തടിവെട്ടാനായി മുഹമ്മയിലേക്ക് പോയ മിനി ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി ലോറി മറിഞ്ഞു. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. വൈക്കം പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.