മാഹി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടം നാളെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ സ്വയംഭുവിൽ നടക്കും. വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യമൃത് വ്രതക്കാർ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി ചൊക്ലി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്ന് യാത്ര പുറപ്പെട്ടു.
ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പായ ഗോപി കുറുപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യമൃത് ഭക്തർ വിഷു പിറ്റേന്ന് മുതൽ കഠിനവൃതം നോറ്റാണ് സുപ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നത്.
നിടുമ്പ്രം, ചെമ്പ്ര, വയലളം, വടകര, തിരുമന, കണ്ണൂക്കര, ലോകനാർ കാവ്, എടച്ചേരി നോർത്ത്, ഓമന പള്ളൂർ, കോടിയേരി തുടങ്ങി 10 മഠങ്ങളിൽ നിന്നായി നൂറിലേറെ വ്രതക്കാർ കഴിഞ്ഞ മൂന്നു ദിവസമായി നിടുമ്പ്രം നെള്ളകണ്ടി, ഇളത്തോടത്ത് സങ്കേതങ്ങളിലായിട്ടാണ് തങ്ങിയത്. 23 ന് കാലത്താണ് കലശം കുളിച്ച് മഠത്തിൽ പ്രവേശിച്ചത്.
അന്നേ ദിവസം വൈകുന്നേരം നീരേഴുന്നള്ളത്തിനായി ഓംകാര മന്ത്രമുരുവിട്ട് എളന്തോടത്ത് മഠം കാരണവർ ഇ.വി. മാധവ കുറുപ്പിന്റെ നേതൃത്വത്തിലാണ് കരാറത്ത് ക്ഷേത്രത്തിൽ നിന്നും കലശ പാത്രം വില്ലിപ്പാലൻ വലിയ കുറുപ്പായ കെ.വി. ഗോപി കുറുപ്പിന് കൈമാറിയത്. ചൊക്ലിയിലെ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്ന് ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ നേതൃത്തിൽ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളും തലയിലേന്തി ഓംകാര മന്ത്രം ഉരുവിട്ട് കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു.
ഇന്നലെ എടയാറ്റിൽ തങ്ങിയ വ്രതക്കാർ ഇന്ന് മണത്തണയിൽ തങ്ങും. നാളെ ഉച്ചയോടെ കൊട്ടിയൂരി ലെത്തും. വൈകുന്നേരം ഇക്കര കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷമാണ് അക്കരെ കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമൃത് ഭക്തർ കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക. രാത്രി പത്തിന് നെയ്യാട്ടത്തിനായുള്ള ചടങ്ങുകൾ ആരംഭിക്കും. ഒരു മാസത്തോളം നീളുന്ന വൈശഖ മഹോത്സവത്തിന് ഇതോടെ തുടക്കമാകും.
Tags : nattu vishesham Kottiyur Vaishakh festival