പ്രതീകാത്മക ചിത്രം
വിഴിഞ്ഞം : ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് കോട്ടുകാൽ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ രോഗികളുടെ ദുരിതം തുടരുന്നു.
പ്രതിദിനം മുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ഇവിടെ ഡോക്ടർമാരുടെയും ലാബ് ജീവനക്കാരുടെയും കുറവുമൂലം മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണു ജനങ്ങൾ. രാവിലെ എട്ടോെട ആശുപത്രിയിലെത്തുന്നവർക്ക് ചികിത്സ നേടി മട ങ്ങാൻ വൈകുന്നേരം മൂന്നു മണിയോളമാകുമെന്നാണ് പരാതി.
നിലവിൽ ഉച്ചവരെ രണ്ട് ഡോക്ടർമാരുടെയും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം ആറുവരെ ഒരു ഡോക്ടറുടെയും സേവനമാണ് ലഭ്യമാകുന്നത്. എന്നാൽ, ഏതെങ്കിലും ഒരു ഡോക്ടർ അവധിയിലാകുന്ന ദിവസങ്ങളിൽ രോഗികളുടെ കാത്തുനിൽപ്പും ബുദ്ധിമുട്ടും ഇരട്ടിയാകും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ 125-ഓളം രോഗികളെയാണ് പരിശോധിച്ചത്. മണിക്കൂറുകൾ കാത്തിരുന്നു ലഭിച്ച ഡോക്ടറുടെ കുറിപ്പടിയുമായി ഫാർമസിയിലെത്തിയെങ്കിലും മിക്കമരുന്നുകളും പുറത്ത് നിന്നും വാങ്ങേണ്ട ഗതികേടിലായി.
ബ്ലഡ് പ്രഷറിന്റെ ഗുളികപോലും കിട്ടാതെ മടങ്ങിയ വയോ ധികരായ രോഗികളും ഇക്കുട്ടത്തിലുണ്ടായിരുന്നു. ടോക്കൺ വിളിക്കുന്ന ആശാവർക്കർമാർ രോഗികളോടുള്ള മോശമായി പെരുമാറുന്നത് കൂടുതൽ ബഹളത്തിനിടയാകുന്നുണ്ട്. ആശുപത്രിയിലെ ലാബിന്റെ പ്രവർത്തനവും സമാനമായ പ്രതിസന്ധിയിലാണ്.
രണ്ടു ജീവനക്കാരാണ് ലാബിലുള്ളത്. ഇതിൽ ഒരാൾ അവധിയെടുത്താൽ പരിശോധനാഫലം വാങ്ങാൻ വരുന്നവർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുകയോ, ഫലം വാങ്ങാതെ വീട്ടിൽ പോയി പിന്നീട് തിരികെ വരേണ്ടിവരുകയോ ചെയ്യുന്ന അവസ്ഥയുമുണ്ട്.
നാട്ടിൻപുറങ്ങളിൽ നിന്നുള്ള സാധാരണക്കാരായ രോഗികളാണ് ദിനംപ്രതി ഈ കുടുംബ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാൻ കൂടുതൽ ഡോക്ടർമാരേയും ജീവനക്കാരെയും അടിയന്തരമായി നിയമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews