ചൂഴാറ്റുകോട്ട - വിഴവൂർ - കല്ലുപാലം റോഡിൽ വേങ്കൂർ മൃഗാശുപത്രിക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം.
മലയിൻകീഴ്: ചൂഴാറ്റുകോട്ട - വിഴവൂർ - കല്ലുപാലം റോഡിൽ വേങ്കൂർ മൃഗാശുപത്രിക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാവിലെ 11.15 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ലോറി ഡ്രൈവർക്കും കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു.
ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി ജീവനക്കാരുടെ പരിക്കുകൾ ഗുരുതരമല്ല. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കുകളില്ല. തമിഴ്നാട്ടിൽനിന്നും ലോഡുമായി എത്തി തിരികെ പോവുകയായിരുന്ന ലോറിയും പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ജോബിൻ, ബസ് ഡ്രൈവർ കലേഷ് കുമാർ, കണ്ടക്ടർ ഷിബു എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ ഡ്രൈവിംഗ് കാബിനിൽ കുടുങ്ങിപ്പോയിരുന്നു. തുടർന്നു സ്ഥലത്തെത്തിയ പൊലിസും അഗ്നിശമനസേനയും ചേർന്ന് ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് ഇയാളെ പുറത്തെടുത്തത്. വിവരം അറിഞ്ഞ ഉടൻ മലയിൻകീഴ് പൊലിസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തത്.
നല്ല വളവുള്ള ഈ റോഡിൽ, സമീപത്തെ കൃഷിയിടത്തിൽനിന്നുള്ള വാഴയിലകൾ റോഡിലേക്ക് തള്ളിനിൽക്കുന്നതു വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വളവിൽ എതിരേവന്ന വാഹനങ്ങൾ പെട്ടെന്ന് കാണാൻ കഴിയാത്ത വിധം കാഴ്ച തടസപ്പെട്ടതാണ് കൂട്ടിയിടിക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Tags : Nattuvishesham DistrictNews DeepikaNews collide