ചമ്പക്കുളം: മഴയുടെ വരവോടെ ആലസ്യത്തിലായി കുട്ടനാട്ടിലെ വിനോദ സഞ്ചാര മേഖല. ജൂൺ- ജൂലൈ മാസങ്ങളിൽ വിനോദസഞ്ചാരികളുടെ വരവു ഗണ്യമായി കുറയാനാണ് സാധ്യതയെന്ന് ഹൗസ് ബോട്ട് മേഖലയിലുള്ളവർ പറയുന്നു.
ഏപ്രിൽ- മേയ് മാസങ്ങളിൽ ഭൂരിപക്ഷം ഹൗസ്ബോട്ടുകളിലും ഇരുപതിനടുത്ത് ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ മുൻകൂർ ബുക്കിംഗ് പ്രകാരം ഓട്ടം ലഭിച്ചു. ജൂൺ- ജൂലൈ മാസങ്ങളിൽ മുൻകൂർ ബുക്കിംഗ് ഒന്നുപോലുമാകാത്ത ഹൗസ് ബോട്ടുകളാണേറെയും. ഓൺലൈൻ ബുക്കിംഗുള്ള ചില വലിയ ഗ്രൂപ്പുകൾ ഒഴികെയുള്ള ഹൗസ് ബോട്ടുകൾക്ക് ഇത് പഞ്ഞമാസമാണ്.
ഹൗസ് ബോട്ടുകളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ഗണ്യമായ വർധന ഉണ്ടായിട്ടുണ്ടെങ്കിലും വലിയ കുഴപ്പമില്ലാതെയാണ് ഈ മേഖല കഴിഞ്ഞ വർഷം കടന്നുപോയത്. വലുതും ചെറുതുമായ ഹൗസ് ബോട്ടുകൾക്ക് സാമാന്യം തരക്കേടില്ലാത്ത വിധം സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള വിനോദസഞ്ചാരികളെ ലഭിച്ചത് ഈ മേഖലക്ക് ഉണർവ് നല്കിയിരുന്നു. കേരളത്തിലെ മഴക്കാലം അപകടസാധ്യതയുള്ളതായി കരുതപ്പെടുന്നതിനാലാണ് മഴക്കാലത്ത് വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നത്.
മറ്റുചില നാടുകളിൽ പ്രചാരം നേടിയിട്ടുള്ള മൺസൂൺ ടൂറിസം വേണ്ടവിധം കായൽ ടൂറിസത്തോട് ചേർത്തു പ്രചരിപ്പിക്കാൻ സാധിക്കാതെപോകുന്നതും മഴക്കാല വിനോദസഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്. അപകടരഹിതവും സുരക്ഷിതവുമായ മൺസൂൺ വിനോദസഞ്ചാര ഡെസ്റ്റിനേഷനാക്കാൻ ഏറ്റവും അനുയോജ്യമായ കുട്ടനാടൻ പ്രദേശം അതിനുള്ള ചുവടുവയ്പ് നടത്തിയാൽ മഴക്കാലത്തും വിനോദസഞ്ചാരികൾ എത്തുകയും വിനോദസഞ്ചാര മേഖല മെച്ചത്തിലാവുകയും ചെയ്യും.
വിനോദസഞ്ചാര മേഖലയിലെ വറുതിയുടെ ഈ കാലത്ത് തൊഴിലാളികൾക്കു കൂലി നല്കാൻ പോലും പ്രയാസപ്പെടുകയാണ് ചെറിയ വള്ളങ്ങളുടെ ഉടമകൾ. ഒരു കിടപ്പുമുറി മുതൽ 16 കിടപ്പുമുറികൾവരെ വിവിധ വലിപ്പത്തിലും തരത്തിലുമുള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹൗസ്ബോട്ടുകളാണ് കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും വിനോദസഞ്ചാര മേഖലയിലുള്ളത്.
ആയിരക്കണക്കിന് കുടുംബങ്ങളുടെ അനുദിന ജീവിതമാർഗം കൂടിയാണ് ഹൗസ് ബോട്ടുകൾ. മൺസൂൺകാല വിനോദസഞ്ചാര വികസനം ലക്ഷ്യം നേടിയാൽ ഇത് ആയിരക്കണക്കിന് കുടുംബങ്ങൾക്കു കൂടി പ്രയോജനകരമാകും.
Tags : Kuttanad Nattuvishesham District News