പ്രതീകാത്മക ചിത്രം
കാസർഗോഡ്: കുറ്റിക്കോല്‍ കെഎസ്ഇബി സബ്സ്റ്റേഷന്റെ നിർമാണം പൂർത്തിയാകുന്നു. സബ്സ്റ്റേഷന് കമ്മീഷന് ചെയ്യുന്നതിനു മുമ്പ് ടെസ്റ്റിംഗ് നടത്താനുള്ള അനുമതി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്ന് ലഭിച്ചശേഷം നിയമപരമായ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കമ്മീഷന് ചെയ്യുമെന്നും കെ നീലകണ്ഠന് എംഎല്‍എയുടെ ചോദ്യത്തിനുത്തരമായി ജില്ലാ വികസനസമിതി യോഗത്തിൽ കെഎസ്ഇബി അധികൃതർ അറിയിച്ചു.
മുളിയാര്‍ എബിസി കേന്ദ്രം പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകാത്തവിധം ജനവാസമേഖലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. പുതിയ സ്ഥലം കിട്ടിയാൽ എബിസി കേന്ദ്രം മാറ്റാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം പറഞ്ഞു. അതുവരെ പൊതുജനങ്ങള്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ എ.ബി.സി കേന്ദ്രം നടത്തിക്കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പെരിയ-പെരിയാട്ടടുക്കം-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത സര്‍വീസ് റോഡിന്റെ പ്രവൃത്തി 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്കി. പെരിയ നവോദയ, പോളിടെക്നിക് എന്നിവയ്ക്കു സമീപം മേൽ നടപ്പാലം സ്ഥാപിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തെരുവ് നായ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീർ ഡോ.കെ.ടി. രേഖ അറിയിച്ചു. ആശുപത്രി കോമ്പൗണ്ടിനകത്തുവച്ച് നായകള്‍ക്ക് ഭക്ഷണം നല്കാന് പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാത്രികാലങ്ങളില്‍ ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ജീവനക്കാരോട് ഗ്രില്ലുകള്‍ തുറന്നിടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിര്‍ദേശം നല്‍കിയതായും ഡിഎംഒ അറിയിച്ചു.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയുടെ കെട്ടിട നിര്‍മാണവും മെഡിക്കല്‍ കോളജിൽ നഴ്സിംഗ് കോളജിന്റെ വനിതാ ഹോസ്റ്റൽ നിര്‍മാണവും വേഗത്തിലാക്കണമെന്ന് കല്ലട്ര മാഹിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മഞ്ചേശ്വരം മണ്ഡലത്തില്‍നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ചെങ്കല്ല് കടത്തുന്നത് തടയണമെന്ന് എ.കെ.എം. അഷ്റഫ് എംഎല്‍എ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എം. സുധീഷ് സ്വാഗതം പറഞ്ഞു. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.