കൊക്കയാർ: കൊക്കയാർ പഞ്ചായത്തിന്റെ മലയോരമേഖല വീണ്ടും പുലിപ്പേടിയിൽ. പുലിയെ നേരിൽ കണ്ടതായി നാട്ടുകാർ. കുറ്റിപ്ലാങ്ങാട് മാലിപ്പുറത്ത് പ്രദീപാണ് പുലിയെ കണ്ടതായി പറയുന്നത്. പുലർച്ചെ ആറോടെ ടാപ്പിംഗ് ജോലിക്കായി പോകുമ്പോൾ ഉറുമ്പിക്കര ഈസ്റ്റ് കോളനി റോഡിൽ കൂവയില ഭാഗത്താണ് പുലിയെ കണ്ടതായി പറയുന്നത്.
എന്നാൽ, പ്രദീപ് കണ്ടത് പുലിയെ ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഉറുമ്പിക്കര വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ഇവിടം.
കഴിഞ്ഞ വർഷം മേയിൽ വളർത്തുനായയെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നനിലയിൽ കാണപ്പെട്ടിരുന്നു. പിന്നീട് വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഇത് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് സമീപ മേഖലയായ മ്ലാക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഉറുമ്പിക്കര വനമേഖലയിൽ പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തിൽനിന്ന് ഇറങ്ങിവന്ന പുലിയാകാമെന്ന സംശയമാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്.
ഇതോടെ വനാതിർത്തി മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. ടാപ്പിംഗ് തൊഴിലാളികളും സ്കൂൾ കുട്ടികളടക്കമുള്ളവരും ഭീതിയോടെ സഞ്ചരിക്കേണ്ട ഗതികേടിലാണ്. അടിയന്തരമായി വനം വകുപ്പ് വിഷയത്തിൽ ഇടപെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് അറുതിവരുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags : NattuVishesham DistrictNews