ജനജാഗ്രത സമിതി യോഗത്തിൽ പ്രസിഡന്റ് ലിസി ജോസഫ് പ്രസംഗിക്കുന്നു.
കേളകം: പഞ്ചായത്തിലെ വന്യജീവി ശല്യം ലഘൂകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് ജനജാഗ്രത സമിതി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജ് വിഷയാവതരണം നടത്തി. വിവിധ വാർഡുകളിൽ കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി, ആന, പുലി തുടങ്ങിയ വന്യജീവികൾ കൃഷിക്കും മനുഷ്യജീവനും ഉയർത്തുന്ന ഭീഷണി വാർഡ് അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
വനാതിർത്തിയോട് ചേർന്നുള്ള സ്വകാര്യഭൂമികളിലെ അടിക്കാടുകൾ ഭൂവുടമകൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. കാർഷികവിളകൾ സംരക്ഷിക്കുന്നതിനായി ബയോ ഫെൻസിംഗ്, ജൈവ പ്രതിരോധ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും കൃഷി ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാനും നിർദേശിച്ചു. വന്യജീവി പ്രശ്നപരിഹാരത്തിന് പഞ്ചായത്തും വനംവകുപ്പും മറ്റ് വകുപ്പുകളും കൈകോർത്തുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജ് പറഞ്ഞു.
ആറളം വനാതിർത്തിയിലെ ജനവാസ മേഖലയിൽ 50 മീറ്റർ ബഫർ സോൺ ഒഴിവാക്കി മറ്റു പ്രദേശങ്ങളിലെ പോലെ സീറോ ബഫർ സോൺ പ്രഖ്യാപിക്കുക, തകർന്ന ആനമതിൽ പുനർനിർമിക്കുക, വനാതിർത്തിയിൽ ആനമതിൽ പൂർണമാക്കുക, ആവശ്യമായ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, വൈദ്യുതി വേലികൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ചർച്ച ചെയ്തു.
പോലീസ്, റവന്യൂ, മൃഗസംരക്ഷണം, എസ്സി/എസ്ടി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാതിരുന്നതും വിമർശനവിധേയമായി. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, സ്ഥിരംസമിതി അധ്യക്ഷരായ പി.എ. അബ്ദുൽ സലാം, സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, കൃഷി ഓഫീസർ ജിഷ മോൾ എന്നിവർ പങ്കെടുത്തു. തോക്ക് ലൈസൻസിനുള്ള അപേക്ഷകൾ പരിശോധിച്ച് നിയമാനുസൃതമായി അനുവദിക്കുമെന്നും വനാതിർത്തിയിലെ ഫെൻസിംഗ് കൂടുതൽ കാര്യക്ഷമമാക്കുമെന്നും ചീങ്കണ്ണിപ്പുഴ–പാലുകാച്ചി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾ പരിഗണനയിലാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
Tags : Landowners NattuVishasham DistrictNews