പ്രതീകാത്മക ചിത്രം
കുളത്തൂപ്പുഴ : ഓയില്‍ ഫാം ഇന്ത്യ ലിമിറ്റഡില്‍ എണ്ണപ്പനത്തൈകള് തയാറാക്കി വിതരണം ചെയ്യുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ ഓയില്‍ഫാം ഇന്ത്യാ ലിമിറ്റഡ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. കുളത്തൂപ്പുഴ കണ്ടന്‍ചിറ എസ്റ്റേറ്റ് മാനേജര്‍ എസ്. താജുദീന്, അസി.മാനേജര്‍ പി.കെ. ബ്രിജിത് കുമാര്‍, സൂപ്പര്‍വൈസര്‍ എസ്. അഭിലാഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
റീപ്ലാന്റിംഗ് നടക്കുന്ന ഏരൂര്‍ എസ്റ്റേറ്റ് ബി-ഡിവിഷനിലെ നാലാം ഫീല്‍ഡില്‍ എണ്ണപ്പനത്തൈകള് സമയബന്ധിതമായി നല്കുന്നതില് ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. തൈകള്‍ വച്ചുപിടിപ്പിക്കുന്നതില്‍ കാലതാമസം നേരിട്ടസാഹചര്യം സംബന്ധിച്ച് മാനേജ്മെന്റ് നടത്തിയ പരിശോധനയില്‍ 7369 തൈകള്‍ സംരക്ഷണം ലഭിക്കാതെ നശിച്ചതായും നഴ്സറിയിലെ സ്റ്റോക്ക് രജിസ്റ്റര്‍ പ്രകാരം 2681 തൈകള്‍ കുറവുള്ളതായും കണ്ടെത്തി. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. അതിനു പുറമെ, നട്ടുവളര്‍ത്തുന്നതിനിടെ നാശം വന്ന് ഉപയോഗ ശൂന്യമായ തൈകള്‍ക്ക് പകരം വച്ചു പിടിപ്പിക്കാനാവശ്യമായ തൈകള്‍ യഥാസമയം തയാറാക്കാനും നഴ്സറി അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ചുമതലയിലുള്ള ഉദ്യോഗസ്ഥന് റീ പ്ലാന്റിനെക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും മുന്‍കരുതല്‍ നടപടി സ്വീകരിക്കാതെ കമ്പനിക്ക് നഷ്ടം വരുത്തിയതായും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
ആവശ്യമായ തൈകള്‍ ഉല്പാദിപ്പിക്കുന്നതില് വീഴ്ച വരുത്തിയതോടെ കാലാകാലങ്ങളില്‍ ആവശ്യമായ എണ്ണപ്പനത്തൈകള് ലഭിക്കാതെ വരുകയും ബി ഡിവിഷനിലെ നാലാം ഫീല്‍ഡില്‍ റീ പ്ലാന്റിംഗ് നടപടികള്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.
പുതിയ തൈകള്‍ സമയ ബന്ധിതമായി നട്ടുവളര്‍ത്താതെ മുടങ്ങിയതോടെ ഓയില്ഫാമിന് ലക്ഷങ്ങളുടെ നഷ്ടം വന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്ന് കമ്പനിക്കുണ്ടായ നഷ്ടം കണക്കാക്കുന്നതിനായി പ്രത്യേക സമിതിയെയും ഓയില്‍ഫാം അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്.
കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നഷ്ടം കണക്കാക്കി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനാണ് മാനേജ്മെന്റ് നീക്കം. കൂടാതെ, മുന്‍കാലങ്ങളില്‍ സമാന സംഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഓയില്‍ഫാം ഉന്നതര്‍ വ്യക്തമാക്കി.
Tags : Nattuvisesham DistrictNews DeepikaNews