നെയ്യാറ്റിന്‍കര : പ്രാദേശിക പ്രശ്നങ്ങളായ കുടിവെള്ള ക്ഷാമം മുതല്‍ സംസ്ഥാനമാകെ ചര്‍ച്ച ചെയ്യുന്ന ശബരിമല വിഷയങ്ങള്‍ വരെ നീളുന്ന ചോദ്യങ്ങള്‍ കാര്യക്ഷമമായി തന്നെ ഉയരുന്ന തെക്കേ അറ്റത്തെ നിയോജക മണ്ഡലമായ പാറശാലയില്‍ വനിതാ വോട്ടര്‍മാരുടെ നിലപാട് നിര്‍ണായകം.
അതുകൊണ്ടുതന്നെ ഉത്സവപ്പറന്പുകളിലെ പൊങ്കാല നേര്‍ച്ചക്കാര്‍, ആരാധനാലയങ്ങളിലെ വിശ്വാസികള്‍ എന്നിവർ മുതല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വരെയുള്ള സമ്മതിദായകരിലെ വനിതകളോട് വിനീത വിധേയരായി തന്നെയാണ് മുന്നണി സ്ഥാനാര്‍ഥികളുടെ വോട്ടഭ്യര്‍ഥന. മീനച്ചൂടാണ് സ്ഥാനാര്‍ഥികളെ അലട്ടുന്ന വലിയ കടന്പകളിലൊന്ന്.
പ്രചാരണ പാച്ചിലിനിടയിലെ വോട്ടഭ്യര്ഥനയ്ക്കിടയില് ആരെങ്കിലും എതിര് രാഷ്ട്രീയം പറയുമെന്നോ ഉത്തരം മുട്ടിയേക്കുമെന്നോ തുടങ്ങി ഒരു തരത്തിലുള്ള ആശങ്കകളും മുന്നണി സ്ഥാനാര്‍ഥികള്‍ക്കുമില്ല. സിപിഎം ഏരിയാ സെക്രട്ടറിയായി ഏറെക്കാലം പ്രവര്‍ത്തിച്ചതിന്റെയും കഴിഞ്ഞ പത്തു വര്‍ഷമായി മണ്ഡലത്തിന്റെ ജനപ്രതിനിധിയായി സേവനം അനുഷ്ഠിച്ചതിന്റെയും അനുഭവം സമ്മാനിക്കുന്ന ആത്മവിശ്വാസമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ. ഹരീന്ദ്രന്‍ കരുത്ത് പകരുന്നത്.
വികസനങ്ങള്‍ നിരത്തുന്പോഴും മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയുമെത്രയോ മെച്ചപ്പെടാനുണ്ടെന്ന ആരോപണവുമായാണ് കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാവ് കൂടിയായ നെയ്യാറ്റിന്‍കര സനല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയിട്ടുള്ളത്. രാഷ്ട്രീയത്തിലെ അനുഭവസന്പത്ത് അദ്ദേഹത്തിനും മുതല്‍ക്കൂട്ടാണ്.
വിദ്യാര്‍ഥി- യുവജന രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്ത്തനത്തിനെത്തിയെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പ് പോരിനിറങ്ങിയിരിക്കുന്ന എന്‍ഡിഎ യുടെ അഡ്വ. ഗിരീഷ് നെയ്യാര്‍ അധ്യാപകന്, നടന്, ഗാനരചയിതാവ്, നിര്‍മാതാവ്, എഴുത്തുകാരന് എന്നിങ്ങനെ വിവിധ മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിത്വം കൂടിയാണ്.
Tags : nattu vishesham Leading candidates