സംസ്ഥാന 15ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷമായ 2027-28ലെ പദ്ധതി നിര്‍ദേശങ്ങള്‍ ജനപങ്കാളിത്തത്തോടെ രൂപീകരിക്കുന്നതിനായുള്ള എറണാകുളം ജില്ലാ ഉന്നതതല യോഗം
കൊച്ചി: ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയൊരു വികസന യുഗത്തിലേക്ക് നയിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. സംസ്ഥാന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷമായ 2027-28ലെ പദ്ധതി നിര്‍ദേശങ്ങള്‍ ജനപങ്കാളിത്തത്തോടെ രൂപീകരിക്കുന്നതിനായുള്ള എറണാകുളം ജില്ലാ ഉന്നതതല യോഗം കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അനുഭവസമ്പത്തും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് സമഗ്ര വികസനം സാധ്യമാക്കുന്നതിനാണ് മുന്‍ഗണന. പൊതുജനങ്ങള്‍ക്കു മേല്‍ പുതിയ നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ സാമ്പത്തിക ഇടപാടുകളും വിപണി ചലനങ്ങളും ശക്തമാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനായി സ്വകാര്യ നിക്ഷേപങ്ങളും വിദേശത്തു നിന്നുള്ള നേരിട്ടുള്ള നിക്ഷേപങ്ങളും ഉറപ്പു വരുത്തും.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷന്‍ ഹബ്ബുകള്‍, പുതിയ എംഎസ്എംഇകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമി കണ്ടക്ടര്‍, ഡാറ്റാ സെന്ററുകള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ തുടങ്ങിയ നവീന സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ വ്യവസായ ശൃംഖലകളും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി റോജി എം. ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അങ്കമാലി-അരൂര്‍ ദേശീയപാത ബൈപാസ് പദ്ധതി വേഗത്തിലാക്കുന്നതിനുള്ള ശ്രമം നടത്തി വരിയാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍, എംഎല്‍എമാരായ ഉമാ തോമസ്, അന്‍വര്‍ സാദത്ത്, മാത്യു കുഴല്നാടന്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, മേയര്‍ വി.കെ. മിനിമോള്‍ തുടങ്ങിയവരും പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Leading Kerala