പ്രതീകാത്മക ചിത്രം
പെരിന്തല്‍മണ്ണ: നഗരത്തില്‍ നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് പണം ആവശ്യപ്പെട്ട സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പൊന്യാകുറുശി തേലക്കാട് സ്വദേശി സൈതാലി ഷിബിനെയാണ് (25) പെരിന്തല്‍മണ്ണ പ്ലാനറ്റ് കഫേയ്ക്ക് സമീപത്ത്നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 21-ന് രാത്രി 10.30-ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിബിന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
കഫേയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ഷിബിനെ ഒരു സംഘം ആളുകള്‍ ബലമായി കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. ഇതുതടയാന്‍ ശ്രമിച്ച സുഹൃത്തിനെ അക്രമി സംഘം കത്തിയെടുത്ത് വീശി പരിക്കേല്‍പ്പിച്ചു. വാഹനത്തിനുള്ളില്‍വച്ചും പിന്നീട് അട്ടപ്പാടി ഭാഗത്തുള്ള പന്നി ഫാമിലെത്തിച്ചും ക്രൂരമായി മര്‍ദിച്ചതായി പെരിന്തല്‍മണ്ണ പൊലിസില്‍ നല്കിയ പരാതിയില്‍ യുവാവ് പറയുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കെട്ടിയിട്ടായിരുന്നു മര്‍ദനം. തോള്‍ഭാഗം ഇളകുകയും ശ്വാസതടസം നേരിടുകയും ചെയ്തിട്ടും പ്രതികള്‍ അക്രമം തുടര്‍ന്നു. കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പോക്കറ്റിലുണ്ടായിരുന്ന 15,000 രൂപ കവരുകയും ചെയ്തു. തുടര്‍ന്ന്, 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഷിബിന്റെ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ച് പണം ആവശ്യപ്പെടുകയുമായിരുന്നു.
പിറ്റേ ദിവസം അഞ്ച് ലക്ഷം രൂപയും ഒരാഴ്ചയ്ക്കുള്ളില്‍ ബാക്കി അഞ്ച് ലക്ഷവും നല്‍കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം.
യുവാവിനെ ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. ലഹരി ഉപയോഗിക്കില്ലെന്ന് പറഞ്ഞതോടെ കൈകള്‍ കെട്ടിയിട്ട ശേഷം നിര്‍ബന്ധപൂര്‍വം എംഡിഎംഎ വായിലേക്ക് കയറ്റിയതായി ഷിബിന്‍ പറഞ്ഞു. പൊലിസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ യുവാവിനെ ആനമങ്ങാട് വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതിനിടെ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യുവാവ് സ്വന്തം തലകൊണ്ടിടിച്ച് വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ചതായും പറയപ്പെടുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം പെരിന്തല്‍മണ്ണ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് പൊലിസ് നടത്തുന്നത്.