പ്രതീകാത്മക ചിത്രം
കരുവാരകുണ്ട്: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തില്‍ മലയോര മേഖലകളില്‍ ചൂട് കനക്കുന്നു. സാധാരണഗതിയില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടേണ്ട സെപ്റ്റംബര്‍ മാസത്തില്‍ പോലും കരുവാരകുണ്ടിലും പരിസര പ്രദേശങ്ങളിലും കത്തുന്ന വെയിലാണ് അനുഭവപ്പെടുന്നത്. കനത്ത ചൂട് കാരണം പുറത്തിറങ്ങി ജോലി ചെയ്യാനാകാതെ കടുത്ത പ്രതിസന്ധിയിലാണ് പ്രദേശത്തെ സാധാരണക്കാരായ തൊഴിലാളികളും കര്‍ഷകരും.
രാവിലെ ആരംഭിക്കുന്ന കടുത്ത ചൂട് വൈകുന്നേരം വരെ നീളുന്നത് ഇവിടത്തെ അധ്വാനവര്‍ഗത്തിന്റെ ആരോഗ്യത്തെയും ദൈനംദിന വരുമാനത്തെയും ഒരുപോലെ താറുമാറാക്കുന്നു. മേഖലയിലെ പ്രധാന ജീവനോപാധിയായ റബര്‍ ടാപ്പിംഗ്, തോട്ടം ജോലി, നിര്‍മാണ മേഖല, ചുമട്ടുതൊഴില്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
ഒപ്പം ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലിസുകാരും ഹോം ഗാര്‍ഡുകളും ഓട്ടോ തൊഴിലാളികളും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരും വഴിയോര കച്ചവടക്കാരും കഠിനമായ ഉച്ചവെയിലില്‍ വലയുന്നു. കനത്ത ചൂട് കാരണം തോട്ടംമേഖലയിലും നിര്‍മാണ ഇടങ്ങളിലും സമയം വൈകി പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
തൊഴിലിടങ്ങളില്‍ ആവശ്യത്തിന് തണല്‍ സൗകര്യവും കുടിവെള്ളവും ലഭ്യമല്ലാത്തത് തൊഴിലാളികളില്‍ കടുത്ത നിര്‍ജലീകരണത്തിനും ക്ഷീണത്തിനും ഇടയാക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം ചൂട് വര്‍ധനവ് മലയോര ഗ്രാമങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍, തൊഴില്‍ സമയത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമെന്നും പ്രധാന കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണവും വിശ്രമ കേന്ദ്രങ്ങളും ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാകണമെന്നുമാണ് നാട്ടുകാരുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യം.