പ്രതീകാത്മക ചിത്രം
അമ്പലപ്പാറ ചന്തപ്പുരമുതൽ മുരുക്കുംപറ്റ മോട്ടോർവാഹന വകുപ്പിന്റെ എഐ കാമറ സ്ഥാപിച്ചതിനുസമീപംവരെയാണ് റബറൈസ് ചെയ്ത് നവീകരിക്കുന്നത്.
ഒറ്റപ്പാലം: മണ്ണാർക്കാട്- ഒറ്റപ്പാലം പ്രധാനപാതയിൽ റോഡ് നവീകരണം തുടങ്ങി. അമ്പലപ്പാറ മുരുക്കുംപറ്റ മേഖലയിലാണ് റോഡ് നവീകരണം നടത്തുന്നത്. ജൽജീവൻ പദ്ധതിയിൽ പൈപ്പിടാൻ പ്രദേശത്തെ റോഡുഭാഗങ്ങൾ പൊളിച്ചതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം അതീവ ദുഷ്കരമായിരുന്നു.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി മൂന്നരക്കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. അമ്പലപ്പാറ ചന്തപ്പുരമുതൽ മുരുക്കുംപറ്റ മോട്ടോർവാഹന വകുപ്പിന്റെ എഐ കാമറ സ്ഥാപിച്ചതിനുസമീപംവരെയാണ് റബറൈസ് ചെയ്ത് നവീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചുനങ്ങാട് മലപ്പുറം ആയുർവേദ ആശുപത്രി സ്റ്റോപ്പിനുസമീപം കലുങ്ക് നിർമാണവും തുടങ്ങിക്കഴിഞ്ഞു. ഇതുകൂടാതെ അമ്പലപ്പാറ തൗഫീഖ്പടി ഭാഗത്തും കലുങ്ക് നിർമിക്കുന്നുണ്ട്. ചുനങ്ങാട് മലപ്പുറം പെട്രോൾ പമ്പിനുസമീപവും തിരുണ്ടിവളവിലും മഴവെള്ളച്ചാലുകൾ നിർമിക്കുന്നുണ്ട്. ഫണ്ടിനനുസരിച്ച് കൂടുതൽ പ്രശ്നങ്ങളുള്ള ഭാഗത്തുകൂടി മഴവെള്ളചാൽ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തേ ജല അഥോറിറ്റി പ്രോജക്ട് ഡിവിഷൻ ചുനങ്ങാട് സ്കൂൾറോഡ് മുതൽ മുരുക്കുംപറ്റവരെ കാമറ സ്ഥാപിച്ച് നവീകരിച്ചിരുന്നു.
അതുപോലെ ചന്തപ്പടിമുതൽ പാലച്ചുവടുവരെയും നവീകരിച്ചു. പത്തുകിലോമീറ്റർവരുന്ന പാതയിലെ ബാക്കിഭാഗമാണ് നവീകരിക്കുന്നത്.