സുൽത്താൻ ബത്തേരി: നെൽ കർഷകർക്ക് തലവേദനയായി നെല്ലിലെ ഓലചുരുട്ടി പുഴു. കാല വർഷ വ്യതിയാനവും വിവിധ രോഗ ബാധയും കാരണം പൊറുതിമുട്ടുന്ന നെൽകർഷകരാണ് ഇപ്പോൾ ഓലചുരുട്ടി പുഴുവിന്റെ ആക്രമണത്തിൽ വലയുന്നത്. മഴയുടെ ഗണ്യമായ കുറവിൽ കർഷകർ ഏറെ ദുരിതത്തിലാണ്. ഒരാഴ്ച മുന്പ് വരെ മഴയുടെ കുറവിൽ പാടങ്ങൾ വിണ്ടുകീറി തുടങ്ങിയിരുന്നു. കൂടാതെ കളകളുടെ ആക്രണം വേറെയും. ഈ സമയത്താണ് കൂനിൻമേൽകുരു പോലെ കീടആക്രമണവും. പരന്പരാഗതമായി കൃഷി ഇറക്കുന്ന കർഷകർ മാത്രമാണ് ഇപ്പോൾ നെൽകൃഷി ചെയ്യുന്നത്. നിരവധി കർഷകർ കൃഷി പാടെ ഉപേക്ഷിച്ചു.
നെല്ലോലകൾ മടക്കി അവയ്ക്കുള്ളിലിരുന്ന് ഹരിതകം കാർന്നു തിന്നുന്നത് മൂലം ഓലകൾ വെള്ള നിറമായി കാണപ്പെടുന്നതാണ് ഓലചുരുട്ടിയുടെ ആക്രമണ ലക്ഷണങ്ങൾ. ഈ ആക്രമണം രൂക്ഷമാവുകയാണെങ്കിൽ മുഴുവൻ കൃഷിയിടവും കരിഞ്ഞതായി കാണപ്പെടും.
നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ ട്രൈക്കോഗ്രമ്മ ചിലോണിസ് കാർഡ് ഉപയോഗിക്കുക. ഒരു ഏക്കർ പാടശേഖരത്തിന് 2 സിസി ്രെടെക്കോഗ്രമ്മ കാർഡ് വീതം ചെറു കഷ്ണങ്ങളാക്കി മുറിച്ചു ഞാറ് പറിച്ച് നട്ട് ഏഴ് മുതൽ 10 ദിവസം കഴിഞ്ഞോ അല്ലെങ്കിൽ വിതച്ച് 25 ദിവസം കഴിഞ്ഞോ ഓരോ ആഴ്ച ഇടവിട്ട് വയലിന്റെ പല ഭാഗത്ത് പ്ലാസ്റ്റിക്ക് കപ്പുകളിൽ കുത്തി മഴ കൊളളാതെ വയ്ക്കാം.
വേനൽക്കാലത്ത് മുട്ടകാർഡുകൾ നെല്ലോലകളിൽ നേരിട്ട് സ്റ്റേപ്പിൾ ചെയ്യാവുന്നതാണ്. കീടങ്ങളുടെ എണ്ണം നിരീക്ഷിക്കാൻ കൃഷിയിടത്തിൽ വെളിച്ചക്കെണികൾ സ്ഥാപിക്കുക. കീട നിയന്ത്രണത്തിനുള്ള വസ്തുക്കൾ തളിക്കുന്നതിന് മുൻപായി ഓലമടക്കുകൾ നിവർത്തണം.
വിളയുടെ പ്രാരംഭ ഘട്ടത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. അതിനാൽ ജൈവ മാർഗങ്ങൾക്ക് മുൻഗണന നൽകുക. പ്രതിസന്ധികളിൽ കൃഷിയിറക്കുന്ന കർഷകർക്ക് സർക്കാർ സഹായങ്ങൾ കൂടി വേഗത്തി ലാക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
Tags :