പാട്ടിന്റെ പല്ലവി കലാകാരന്മാരുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: പാട്ടിന്റെ പല്ലവി കലാകാരന്മാരുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ അഞ്ചാം വാർഷിക കുടുംബസംഗമവും ഓണാഘോഷവും ‘തിരയുടെ താളം പോലെ’ എന്ന പേരിൽ മയ്യനാട് പെൻഷൻ ഭവനിൽ നടന്നു. സ്നേഹവും സൗഹൃദവും കാരുണ്യവും പങ്കുവെച്ച സംഗമത്തിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
മയ്യനാട് ഗിരീഷിന്റെ അധ്യക്ഷതയിൽനടന്ന പരിപാടി മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോ ഒാർഡിനേറ്ററും ചീഫ് ഓർഗനൈസറുമായ ഷിബു റാവുത്തർ സ്വാഗതം ആശംസിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.എസ്. അബിൻ മുഖ്യപ്രഭാഷണം നടത്തി. 17-ാം വാർഡ് മെമ്പർ സുനിത സുരേഷ്, മോഹൻരാജ്, ഡോ. ജെയിംസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി പാട്ടിന്റെ പല്ലവിയും യാനാ ഫെർട്ടിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഗൈനക്കോളജി–ഫെർട്ടിലിറ്റി ക്യാമ്പിൽ നൂറോളം സ്ത്രീകൾ പങ്കെടുത്തു. ആർത്തവപ്രശ്നങ്ങൾ, പിസിഒഡി, എൻഡോമെട്രിയോസിസ്, വന്ധ്യത, ഗർഭധാരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിവയിൽ വിദഗ്ധ പരിശോധനയും ചികിത്സാനിർദേശങ്ങളും നൽകി.
കീഹോൾ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ആധുനിക ചികിത്സാരീതികളെക്കുറിച്ചും ബോധവത്കരണം നടത്തി. ഡോ. ജെയിംസ് ജോർജ്, യാനാ ഫെർട്ടിലിറ്റി സെന്റർ പ്രതിനിധി അനു ബോബൻ, മാർക്കറ്റിംഗ് മാനേജർ ശ്യാം എസ്., എന്നിവർ നേതൃത്വം നൽകി.
Tags :