ഇടപ്പാളയത്ത് ടാറിംഗിനോടു ചേര്‍ന്ന് മണ്ണിടിഞ്ഞുമാറിയ ഭാഗം.
കൊല്ലം : തെന്മലയില് ദേശീയപാതയില്‍ ഇടപ്പാളയത്ത് റോഡിന്റെ വശം ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നിടത്ത് ടാറിംഗിനോടു ചേര്‍ന്നുള്ള മണ്ണിടിഞ്ഞുമാറുന്നു.
ഇത് അപകടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ടാക്കുന്നു. ഇവിടെ പാതയോരത്തെ കല്ലുകെട്ട് തകര്‍ന്ന സ്ഥലത്ത്, ഗാബിയന്‍ഭിത്തി നിര്‍മാണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് മഴയില്‍ ടാറിംഗിന്റെ ഭാഗവും മണ്തിട്ടയുമെല്ലാം ഇടിഞ്ഞത്.
മഴ തുടര്‍ന്നാല്‍ റോഡ് കൂടുതല്‍ഭാഗം തകരുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആര്യങ്കാവുവഴി കേരളത്തിലേക്ക് വലിയ ചരക്കുലോറികള്‍ കടന്നു പോകുന്നുണ്ട്.
കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡ് കൂടുതല്‍ ഇടിയുകയും അപകട സാധ്യത വര്‍ധിക്കുകയുമാണ്.
എന്നാല്‍ ഈ മേഖലയില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. അതിനായുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.
Tags :