പേരശന്നൂർ ഗവണ്മെന്റ് എച്ച്എസ്എസിന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അവാർഡ് നൽകുന്നു.
മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ 2026 വർഷത്തെ സംസ്ഥാന-ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു. പേരശന്നൂർ ഗവണ്മെന്റ് എച്ച്എസ്എസ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.കോട്ടക്കൽ ഗവണ്മെന്റ് രാജാസ് എച്ച്എസ്എസ്, നെല്ലിക്കുത്ത് ഗവണ്മെന്റ് വിഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങൾ ജില്ലാതലത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് കാഷ് അവാർഡ്. പുരസ്കാര തുകയ്ക്ക് പുറമേ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്കൂളുകൾക്ക് വിതരണം ചെയ്തു.
തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തന്പി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ ജില്ലാതല വിജയികൾക്കുള്ള അവാർഡ് വിതരണം നടത്തി.
ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ്എസ്എച്ച്എസ്എസ് മൂർക്കനാട് (അരീക്കോട്), ഗവണ്മെന്റ് ടിഎച്ച്എസ് കോക്കൂർ (എടപ്പാൾ), ഇഎംഇഎഎച്ച്എസ്എസ് കൊണ്ടോട്ടി (കൊണ്ടോട്ടി), ജിഎച്ച്എസ്എസ് കുറ്റിപ്പുറം (കുറ്റിപ്പുറം), ഡിയുഎച്ച്എസ്എസ് പാണക്കാട് (മലപ്പുറം), എച്ച്എംവൈഎച്ച്എസ്എസ് മഞ്ചേരി (മഞ്ചേരി), എൻഎച്ച്എസ്എസ് കൊളത്തൂർ (മങ്കട), ജിഎച്ച്എസ്എസ് പട്ടിക്കാട് (മേലാറ്റൂർ), എംടിഎച്ച്എസ്എസ് ചുങ്കത്തറ (നിലന്പൂർ), ഒഎച്ച്എസ്എസ് തിരൂരങ്ങാടി (പരപ്പനങ്ങാടി), ജിഎച്ച്എസ്എസ് ആനമങ്ങാട് (പെരിന്തൽമണ്ണ), എംഐഎച്ച് എസ്എസ് ഫോർ ഗേൾസ് പുതുപൊന്നാനി (പൊന്നാനി), ഡിജിഎച്ച്എസ്എസ് താനൂർ (താനൂർ), ജിഎച്ച്എസ്എസ് പുറത്തൂർ (തിരൂർ), ജിഎച്ച്എസ്എസ് പെരുവള്ളൂർ (വേങ്ങര), ജിഎച്ച്എസ്എസ് കരുവാരക്കുണ്ട് (വണ്ടൂർ) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.
എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റൽ ഇൻക്ലൂഷൻ, സ്കൂളുകളുടെ സാമൂഹിക ഇടപെടലുകൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
Tags : Nattuvishesham LocalNews