കൊരട്ടി: ദേശീയപാതയ്ക്ക് സമീപമുള്ള ജെടിഎസ് ജംഗ്ഷൻ പരിസരത്ത് ശുചിമുറി മാലിന്യം തള്ളുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. സാമൂഹികവിരുദ്ധർ രാത്രിയുടെ മറവിൽ ദൂരദിക്കുകളിൽനിന്ന് ടാങ്കറുകളിലെത്തിച്ച് പെട്രോൾ പമ്പിന് എതിർവശത്തുള്ള തണ്ണീർത്തടങ്ങളിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതായാണ് പരാതി.
പാതയോരത്ത് ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ ആശ്വാസം ലഭിച്ചതായി കരുതിയിരുന്ന പ്രദേശവാസികൾക്ക്, ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ദുരിതം നേരിടേണ്ടിവന്നിരിക്കുകയാണ്. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കാമെന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നൽകിയ വാഗ്ദാനം നടപ്പിലാകാതിരുന്നതും ആശങ്ക വർധിപ്പിക്കുന്നു.
പ്ലാസ്റ്റിക് വിമുക്ത നാടെന്ന ലക്ഷ്യത്തോടെ വാർഡ് അടിസ്ഥാനത്തിൽ ഹരിതകർമസേനയെ രൂപീകരിച്ച് പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും പാതയോരങ്ങളിൽ മാലിന്യം തള്ളൽ തുടരുകയാണ്. പഞ്ചായത്തിനകത്തും പുറത്തുനിന്നുമുള്ള സാമൂഹികവിരുദ്ധർ രാത്രിയേയും ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങളുടെ പാർക്കിംഗിനേയും മറയാക്കി മാലിന്യം തള്ളുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ജെടിഎസ് ജംഗ്ഷനും പെരുമ്പിക്കുമിടയിൽ മൂക്കുപൊത്താതെ നടക്കാനാകാത്ത സാഹചര്യമാണെന്നാണ് പ്രദേശവാസികളുടെ പരാതികൾ.
കക്കൂസ് മാലിന്യങ്ങൾക്കും അറവ് മാലിന്യങ്ങൾക്കും പുറമെ മറ്റു മാലിന്യങ്ങളും തള്ളുന്നതോടെ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകുന്നു. പഞ്ചായത്ത് അതിർത്തിയായ മുരിങ്ങൂർ മുതൽ പൊങ്ങം വരെയുള്ള ഭാഗങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. കൊരട്ടിച്ചാലും ഇതുവഴിയാണ് കടന്നുപോകുന്നത്.
മഴക്കാലം അടുത്തെത്തുന്നതിനാൽ ഇത്തരം പ്രവർത്തനങ്ങൾ രോഗങ്ങൾ പടരാൻ ഇടയാക്കുമോയെന്ന ആശങ്കയും ശക്തമാകുന്നു. വിഷയത്തിൽ പ്രാദേശിക ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രി പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Living room nattuvishesham local news