അജാനൂർ പഞ്ചായത്തിലെ ഇക്ബാൽ സ്കൂൾ റോഡിലുള്ള ഡെപ്പോസിറ്റ് റെയിൽവേ ഗേറ്റ്.
കാഞ്ഞങ്ങാട്: പ്രാദേശികമായ ആവശ്യവും സുരക്ഷിതത്വവും മുൻനിർത്തി സ്വന്തം ചെലവിൽ നിർമിച്ച റെയിൽവേ ഗേറ്റുകളുടെ പരിപാലനത്തിന് തദ്ദേശസ്ഥാപനങ്ങൾ ഓരോ വർഷവും മുടക്കുന്നത് ലക്ഷങ്ങൾ. കാസർഗോഡ് ജില്ലയിൽ അജാനൂർ പഞ്ചായത്തിലെ ഇക്ബാൽ സ്കൂൾ റോഡിലുള്ള റെയിൽവേ ഗേറ്റും കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളി, മാടായി പഞ്ചായത്തിലെ വെങ്ങര-മുട്ടം ഗേറ്റുകളുമാണ് അതതു തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയാകുന്നത്.
ഈ ഗേറ്റുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും ജീവനക്കാരുടെ ശമ്പളത്തിനുമുള്ള ചെലവ് അതത് തദ്ദേശസ്ഥാപനങ്ങൾ വഹിക്കണമെന്നാണ് റെയിൽവേയുടെ വ്യവസ്ഥ. ഇതുപ്രകാരം ഇക്ബാൽ റോഡ് ഗേറ്റിന് 32 ലക്ഷത്തോളം രൂപ അജാനൂർ പഞ്ചായത്തും കണ്ടങ്കാളി ഗേറ്റിന് 38.56 ലക്ഷം രൂപ പയ്യന്നൂർ നഗരസഭയും മുട്ടം ഗേറ്റിന് 30 ലക്ഷത്തോളം രൂപ മാടായി പഞ്ചായത്തും ഓരോ വർഷവും റെയിൽവേയ്ക്കു നൽകേണ്ടിവരുന്നു.
ഡെപ്പോസിറ്റ് ഗേറ്റുകൾ എന്നാണ് റെയിൽവേ ഇവയെ വിശേഷിപ്പിക്കുന്നത്. കേരളത്തിലുടനീളം ഇരുപത്തഞ്ചോളം ഗേറ്റുകളാണ് ഈ വിഭാഗത്തിൽ പെടുന്നത്. പ്രധാന റോഡുകളിലല്ലാത്തതിനാൽ ഈ സ്ഥലങ്ങളിൽ സ്വന്തം ഫണ്ട് മുടക്കി ഗേറ്റുകൾ നിർമിക്കാൻ റെയിൽവേ തയാറായിരുന്നില്ല. ഇതോടെ ജനങ്ങളുടെ ആവശ്യപ്രകാരം സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും അതിനുള്ള ചെലവ് വഹിക്കാൻ തയാറാകുകയായിരുന്നു. ഇതിനു പുറമെയാണ് വർഷാവർഷമുള്ള പരിപാലനച്ചെലവും ശമ്പളച്ചെലവും തദ്ദേശസ്ഥാപനങ്ങൾ വഹിക്കേണ്ടിവരുന്നത്.
വർഷങ്ങളേറെ കഴിഞ്ഞിട്ടും ഈ ബാധ്യതയിൽനിന്ന് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കാൻ റെയിൽവേ അധികൃതർ തയാറായിട്ടില്ല. മാത്രമല്ല വർഷാവർഷം പരിപാലനച്ചെലവും ശമ്പളവും വർധിക്കുമ്പോൾ ആ ഭാരവും തദ്ദേശസ്ഥാപനങ്ങൾ തന്നെ വഹിക്കേണ്ടിവരുന്ന അവസ്ഥയാണ്. വർഷങ്ങൾ കഴിയുന്തോറും ബാധ്യത കൂടുന്നതല്ലാതെ കുറയുന്നില്ല.
പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ നഗരസഭ നേരത്തേ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് കത്ത് നൽകിയിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ മുഖേന കത്ത് നൽകാൻ അജാനൂർ പഞ്ചായത്ത് ഭരണസമിതിയും തീരുമാനിച്ചതായി പ്രസിഡന്റ് വി.വി. തുളസി അറിയിച്ചു.
Tags :