പ്രതീകാത്മക ചിത്രം
പാലാ: തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന് അവശനിലയില്‍ വീട്ടുമുറ്റത്ത് കണ്ടെത്തിയ ആൾ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകളുടെ ഭര്‍ത്താവ് ഇടമുള സ്വദേശി അഖിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കൊഴുവനാല്‍ ഉറുമ്പിക്കുന്നേല് സുകുമാരന്‍ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിനോട് ചേര്‍ന്നുള്ള കയ്യാലയ്ക്ക് താഴെ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതോടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി പാ ലാ പൊലിസ് കേസെടുത്തു.
സുകുമാരന്‍, ഭാര്യ രമണി, മകന് സുരാജ്, സുരാജിന്റെ രണ്ടു മക്കള്‍ എന്നിവര്‍ക്കൊപ്പമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ അശ്വതിയും ഭര്‍ത്താവ് അഖിലും കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. എസ്കവേറ്റർ ഓപ്പറേറ്ററാണ് അഖില്‍.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വീട്ടുകാരുടെ മൊഴിയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പാലാ പൊലിസ് അറിയിച്ചു. സുകുമാരന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Tags : Nattuvishesham DistrictNews DeepikaNews custody