മാസങ്ങളായി വൈദുതിവിളക്കുകൾ കത്താതായതോടെ ഇരുട്ടിലായ മാന്നാർ പന്നായി പാലം.
മാന്നാർ: ഒരു പാലം ഇരുട്ടിലായിട്ട് മാസങ്ങൾ കഴിഞ്ഞു. പാലത്തിലെ ലൈറ്റുകൾ പ്രകാശിക്കാത്തത് മൂലം യാത്രക്കാർ ഇരുട്ടിൽ തപ്പുകയാണ്. കായംകുളം - തിരുവല്ല സംസ്ഥാന പാതയിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മാന്നാർ പന്നായി പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതിവിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളേറെയായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല.
രാത്രിയിൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാലത്തിൽ വെളിച്ചം ഇല്ലാത്തത് അപകടങ്ങൾക്കും കാരണമാകുന്നു. പാലത്തിന്റെ റോഡ് ചേരുന്ന ഭാഗത്തെ വലിയ ഗർത്തങ്ങൾ ഇരുട്ടായതിനാൽ മുൻകൂട്ടി കാണാൻ കഴിയാതെ വാഹനങ്ങൾ ഇതിൽ പെട്ട് അപകടങ്ങൾ പതിവാണ്. പരുമല പെരുന്നാളിന് ഒരു മാസം മാത്രം ശേഷിക്കേ ആയിരക്കണക്കിന് തീർഥാടകർ കടന്നുവരുന്ന പാതയാണ് ഇരുട്ടിലായി കിടക്കുന്നത്.
സന്ധ്യ കഴിയുന്നതോടെ ഇരുട്ടിൽ മുങ്ങിയ പാലത്തിലൂടെ കാൽനട യാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈവരികളോട് ചേർന്ന് ഉറപ്പിച്ചിട്ടുള്ള മുപ്പതോളം ഇരുമ്പ് തൂണുകളിലായിട്ടാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ പകുതിയോളം തൂണുകളിലെയും ലൈറ്റുകൾ കാലപഴക്കത്തിൽ നശിച്ച് ഇല്ലാതായി.
പാലത്തിന്റെ ഇക്കരെ മാന്നാർ പഞ്ചായത്തും മറുഭാഗം കടപ്ര പഞ്ചായത്തും ആണെങ്കിലും മാന്നാർ കെഎസ്ഇബിയുടെ കീഴിലുള്ള ഈ വൈദ്യുതി വിളക്കുകളുടെ അറ്റകുറ്റപ്പണി കൾ മാന്നാർ പഞ്ചായത്താണ് നിർവഹിക്കുന്നത്. നിരവധി തവണ പരാതികൾ നൽകിയിട്ടും പഞ്ചായത്താണ് നടപടികൾ കൈക്കൊള്ളേണ്ടതെന്ന് പറഞ്ഞ് കെഎസ്ഇബി കൈയൊഴിയുകയാണെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആക്ഷേപം.
പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലത്രെ. പാലത്തിന്റെ അനുബന്ധ റോഡിൽ കാടുകൾ വളർന്നുനിൽക്കുന്നതും അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു. പരുമല പെരുന്നാൾ പടിവാതിൽക്കൽ എത്തിയതിനാൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണം. പ്രധാന സംസ്ഥാന പാതയിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്ക് സാഹചര്യം ഉണ്ടാകേണ്ടിയിരിക്കുന്നു.
Tags : NattuVishesham DistrictNews