പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: യുപിഐ ഇടപാടുകള്‍ക്ക് 15 മുതല്‍ വ്യാപാരികളില്‍നിന്ന് എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം സമിതിയുടെ 4,000 യൂണിറ്റുകളിലും പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു.
വ്യാപകമായി ഉപയോഗിക്കുന്ന യുപിഐ സംവിധാനത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നത് രാജ്യത്തെ വ്യാപാരമേഖലയ്ക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ചെറുകിട-ഇടത്തരം വ്യാപാരികള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. സൗജന്യ യുപിഐ ഇടപാട് സംവിധാനം തുടരണം. ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമായതോടെ ചെറുകിട കച്ചവടക്കാര്‍ യുപിഐ സംവിധാനം ആശ്രയിച്ചാണ് ദൈനംദിന വ്യാപാരം നടത്തുന്നത്. ഇത്തരം ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്തുന്നത് വ്യാപാരികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുകയും ലാഭം ഇല്ലാതാക്കുകയും ചെയ്യും. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വ്യാപനത്തില്‍ പിടിച്ചുനിക്കാന് പാടുപെടുന്ന ചെറുകിടക്കാരുടെ തലയില്‍ ഇതുകൂടി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രാജു അപ്സര പറഞ്ഞു.
Tags : UPI Transactions NattuVishasham DistrictNews