സജിമോൻ
കായംകുളം: മയക്കുമരുന്ന് കേസിൽ അന്തർ സംസ്ഥാന ലഹരി മാഫിയ സംഘത്തിലെ കണ്ണി പിടിയിൽ. വള്ളികുന്നം പുത്തൻ കണ്ടത്തിൽ വീട്ടിൽ സജയ് ജിത്ത് ആണ് കായംകുളം പൊലിസിന്റെ പിടിയിലായത്. 35.95 ഗ്രാം എംഡിഎംഎ വിൽപനയ്ക്കായി കൈവശം സൂക്ഷിച്ചതിന് കഴിഞ്ഞ ജൂലൈ 26 ന് ആകാശ്, സജി മോൻ എന്നിവരെ പൊലിസ് പിടികൂടിയിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകൾ പൊലിസിന് ലഭിച്ചിരുന്നു.
തുടർന്ന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന ലഹരി മാഫിയ സംഘത്തിലെ കണ്ണിയും കുപ്രസിദ്ധ ഗുണ്ടകളുമായ മരട് അനീഷ്, ഭായ് നസീർ എന്നിവരുടെ കൂട്ടാളിയായ സജയ് ജിത്ത് ഇപ്പോൾ പൊലിസിന്റെ പിടിയിലായത്. ആകാശ്, സജി മോൻ എന്നിവർക്ക് എംഡിഎംഎ വിൽപനയ്ക്കായി നൽകിയത് സജയ് ജിത്ത് ആണന്ന് പൊലിസ് കണ്ടെത്തി.
എറണാകുളം കേന്ദ്രീകരിച്ചും ആലപ്പുഴ ജില്ലയുടെ തെക്കൻ പ്രദേശങ്ങളിലും ലഹരിമരുന്ന് വിൽപന നടത്തിവന്ന പ്രധാനിയും വള്ളികുന്നം സ്റ്റേഷനിൽ കൊലപാതക കേസിലെ പ്രതിയുമാണ് സജയ് ജിത്തെന്ന് പൊലിസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി രാജപ്പൻ റാവുത്തറുടെ നിർദ്ദേശാനുസരണമാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കർശന പരിശോധനകൾ നടത്തുമെന്ന് കായംകുളം പൊലിസ് അറിയിച്ചു.
Tags :