പയ്യന്നൂര്‍: പുന്നക്കടവ് പാലക്കോട് റോഡിലെ കുറുംകടവ് കായല്‍ കഫേക്ക് സമീപത്തെ തകര്‍ന്ന കലുങ്ക് തകര്‍ന്ന സംഭവത്തില്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന് സ്ഥലം സന്ദര്‍ശിച്ചു. എത്രയും വേഗത്തില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പിഡബ്ല്യുഡി എന്‍ജിനിയറുടെ ഉറപ്പ്.
രാമന്തളി പഞ്ചായത്തിലെ പ്രധാന റോഡായ പുന്നക്കടവ്- പാലക്കോട് റോഡിലെ കുറുങ്കടവ് കായല്‍ കഫേക്ക് സമീപത്തെ കലുങ്ക് കഴിഞ്ഞ ദിവസം തകര്‍ന്ന് താഴ്ന്നതിനെത്തുടര്‍ന്ന് ബസുകൾ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ രാമന്തളി സെന്‍ട്രല്‍ വഴിയാണു സര്‍വീസ് നടത്തുന്നത്.
ഇതുമൂലം കുന്നത്തെരു മുതല്‍ കുന്നരു മില്ല് വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ യാത്രാക്ലേശം അനുഭവിക്കുകയാണ്. രണ്ടു ദിവസമായിട്ടും പരിഹാര നടപടികള്‍ കാണാത്തതിനെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധമുയരുന്നുണ്ട്. സിപിഎം രാമന്തളി ലോക്കല്‍ കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധിച്ചു.
വിവരമറിഞ്ഞ് വി. കുഞ്ഞികൃഷ്ണന് എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് എൻജിനീയറുമായി ബന്ധപ്പെട്ട് മഴ ശക്തമായാല്‍ പ്രതിസന്ധി രൂക്ഷമാവുമെന്നതിനാല് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് എത്രയും വേഗത്തില്‍ നടപടിയുണ്ടാകുമെന്ന് എൻജിനിയര്‍ ഉറപ്പുനല്‍കിയത്.
Tags : Punnakadavu-Kunnaru road Nattuvishesham Distric News