സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ കയറിയ കുരങ്ങ്.
സുല്‍ത്താന്‍ ബത്തേരി: ടൗണിലും പരിസരങ്ങളിലും വാനരശല്യം രൂക്ഷമായി.
സ്ഥാപനങ്ങളിലും വീടുകളിലും കയറി വസ്ത്രങ്ങളും സാധനങ്ങളും എടുത്തുകൊണ്ടുപോകുകയും നശിപ്പിക്കുകയും ചെയ്യുന്നത് പതിവാകുകയാണ്. നേരം പുലരുന്നതോടെ കൂട്ടമായെത്തുന്ന വാനരപ്പട ചില്ലറ ബുദ്ധുമുട്ടൊന്നുമല്ല ഉണ്ടാക്കുന്നത്.
കച്ചവടസ്ഥാപനങ്ങളിലടക്കം കയറുന്ന വാനരന്മാര് പച്ചക്കറികളും മറ്റ് സാധനസാമഗ്രികളും നശിപ്പിക്കുന്നത് പതിവാണ്. ഇതുകാരണം വാനരപ്പടയെ ഓടിക്കാന്‍തന്നെ ഒരാളെ കൂലിക്ക് നിര്‍ത്തേണ്ട അവസ്ഥയാണ്. ഇവരുടെ കണ്ണുതെറ്റിയാലും വാനരന്മാര് അകത്തുകയറും. ആശുപത്രികള്‍, ലോഡ്ജുകള്‍, വീടുകള്‍ എന്നിവിടങ്ങളിലും വാനരന്മാര് വലിയ ദുരിതമാണ് വരുത്തുന്നത്. വീടുകളില്‍ കയറി ഭക്ഷണ സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതും വസ്തുവകകളും നശിപ്പിക്കുകയും ചെയ്യുന്നതും പതിവാണ്. വീടുപൂട്ടി പുറത്തിറങ്ങാന്‍പോലും ആളുകള്‍ക്ക് സാധിക്കുന്നില്ല. വാര്പ്പുവീടുകളില് എയര്ഹോളുകള്വഴിയും ഓടിട്ടവീടുകളില് മേല്ക്കൂരവഴിയും അകത്തു കയറിയാണ് നാശം വരുത്തുന്നത്. പുറത്തുപോയിവരുമ്പോഴേക്കും അകത്തുള്ള സകലസാധനങ്ങളും വാരിവലിച്ചിട്ട് നശിപ്പിച്ചും കാഷ്ടിച്ച് വൃത്തികേടാക്കുന്നതും തുടര്‍സംഭവമാണ്.
വീടുകളിലെത്തുന്ന വാനരന്മാര് സ്ത്രീകള്‍ ഓടിച്ചാല്‍ പോകാറില്ലെന്നുമാത്രമല്ല ഇവര്‍ക്കുനേരേ ചീറിയടുക്കുന്നതും കാരണം ഭയത്തോടെയാണ് സ്ത്രീകള്‍ കഴിയുന്നത്. ടൗണുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വാഹനങ്ങളില്‍ കയറുന്ന വാനരന്മാര് സീറ്റുകള്‍ കീറി നശിപ്പിക്കുന്നതും പതിവ് കാഴ്ചയാണ്. അതിനാല്‍ തദ്ദേശസ്ഥാപനങ്ങളും ജില്ലാഭരണകൂടവും വനംവകുപ്പും ഇടപെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.
Tags : Monkey menace NattuVishasham DistrictNews