ലിജു
കായംകുളം: ജീവകാരുണ്യത്തിന്റെയും സാമൂഹ്യ പ്രവർത്തനത്തിന്റെയും ഉദാത്ത മാതൃകയായ മദർതെരേസ മുന്നോട്ടുവച്ച ആശയത്തിന് വർത്തമാനകാലത്ത് പ്രസക്തി വർധിക്കുന്നതായി സഹകരണമന്ത്രി എം. ലിജു. മദർ തെരേസയുടെ ജന്മദിനത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഗതി-അനാഥ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത മുട്ടാണിക്കൽ അധ്യക്ഷയായി. സിസ്റ്റര്‍ മരിയ ജോൺ, സ്നേഹാലയം മിഷനറീസ് ഓഫ് ചാരിറ്റി മനക്കോടം,കായംകുളം നഗരസഭ പ്രതിപക്ഷനേതാവ് എസ്. കേശുനാഥ്, കൗൺസിലർ എ. നസീർ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ എം.ആർ. രാജേഷ് കുമാർ, ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് ഷമീർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. അശ്വതി സ്വാഗതവും സീനിയര്‍ സൂപ്രണ്ട് എം.വി. സ്മിത കൃതഞ്ജതയും പറഞ്ഞു.