മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ ബോയ്സ് സ്റ്റേഡിയം.
മുണ്ടക്കയം: മലയോര മേഖലയിലെ നിരവധി കായികതാരങ്ങളെ വാർത്തെടുത്ത മുപ്പത്തഞ്ചാംമൈൽ ബോയ്സ് ഗ്രൗണ്ട് ശബരിമല തീർഥാടന കാലത്ത് ഇടത്താവളമാക്കാനുള്ള നീക്കത്തിനെതിരേ കായികതാരങ്ങളും പരിശീലകരും നാട്ടുകാരും രംഗത്ത്.ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും പാരിസൺ മലയാളം പ്ലാന്റേഷന്റെയും ഉടമസ്ഥതയിലാണ് സ്റ്റേഡിയം.
നടത്തിപ്പവകാശം ഇടുക്കി ജില്ലാ പഞ്ചായത്തിനാണ്. 2024-25ൽ 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സ്റ്റേഡിയം പരിശീലന സജ്ജമാക്കിയത്. 200 മീറ്റർ മഡ് ട്രാക്ക്, ലോംഗ്ജംപ്, ഹൈജംപ് പിറ്റുകൾ, ഷോട്ട്പുട്ട് സർക്കിൾ തുടങ്ങിയവ ഇവിടെയുണ്ട്. ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ കീഴിൽ ആറുപതിൽപരം കുട്ടികളാണ് ഈ ഗ്രൗണ്ടിൽ പരിശീലനം നേടുന്നത്. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ കീഴിൽ പരിശീലനം നേടിയ താരങ്ങൾ മൂന്ന് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും നേടി നാടിന് അഭിമാനമായിരുന്നു.
കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലെ സ്കൂൾ, കോളജ് വിദ്യാർഥികളാണ് ഈ ഗ്രൗണ്ടിൽ പരിശീലനം നേടുന്നത്. എന്നാൽ, ശബരിമല തീർഥാടന കാലത്തോടനുബന്ധിച്ച് രണ്ടു മാസക്കാലം ഗ്രൗണ്ട് തീർഥാടകര്ക്കുള്ള ഇടത്താവളമാക്കാനാണ് അധികാരികൾ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടെ കുട്ടികളുടെ പരിശീലനം മുടങ്ങും. വരാനിരിക്കുന്ന ദേശീയ കായിക മേളയിൽ പങ്കെടുക്കുന്നതിനായി ബോയ്സ് ഗ്രൗണ്ടിലാണ് വിദ്യാർഥികൾ പരിശീലനം നടത്തുന്നത്. ഇതോടെ തങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് കായികതാരങ്ങളും പരിശീലകരും.
ഉന്നത അധികാരികളെ വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഉചിതമായ തീരുമാനം ഇവരുടെ ഭാഗത്തുനിന്നു ഉണ്ടായില്ലെന്ന് പരിശീലകരും രക്ഷിതാക്കളും പറയുന്നു. വിഷയത്തിൽ അടിയന്തരമായി അധികാരികൾ ഇടപെട്ട് വിദ്യാർഥികളുടെ പരിശീലനത്തിനുള്ള സൗകര്യം നൽകണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
Tags : athletes and coaches protest. sabarimala pilgrims NattuVishesham DistrictNews