മാലിന്യങ്ങൾ ഇടരുതെന്നുള്ള മുന്നറിയിപ്പ് ബോർഡിന്റെ പിന്നിൽ മാലിന്യങ്ങൾ കൂടുകളിൽ ഉപേക്ഷിച്ച നിലയിൽ.
എരുമേലി: മാലിന്യങ്ങളില്ലാത്ത വനപാതയായി എരുമേലിയിലെ കനകപ്പലം-കരിമ്പിൻതോട്-മുക്കട റോഡിനെ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ന് രണ്ടാംഘട്ട ശുചീകരണം നടത്തും. രാവിലെ ഒമ്പതിന് പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിൽ സന്നദ്ധ പ്രവർത്തകർ ഒത്തുചേർന്ന ശേഷം ശുചീകരണം തുടങ്ങും.
കോട്ടയം നേച്ചർ സൊസൈറ്റി, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് എൻഎസ്എസ് യൂണിറ്റ്, ഭൂമിത്രസേന ക്ലബ് എന്നിവയുടെ സഹകരണത്തോടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിലാണ് ശുചീകരണം. പ്ലാച്ചേരി ഭാഗത്ത് വനത്തിലൂടെ കടന്നുപോകുന്ന പാതയിലും ഇന്ന് ശുചീകരണം നടക്കും.
വനം വകുപ്പിന്റെ നേതൃത്വത്തിൽ ആദ്യഘട്ട ശുചീകരണം വിവിധ സന്നദ്ധ സംഘടനകളുടെയും എരുമേലി, മണിമല പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെ ചെയ്തിരുന്നു. വൻതോതിൽ മാലിന്യങ്ങൾ ഈ പാതയിൽ നിറഞ്ഞിരുന്ന സ്ഥാനത്ത് തുടർച്ചയായി ശുചീകരണവും ബോധവത്കരണ പ്രചാരണങ്ങളും രാത്രിയിൽ വനംവകുപ്പിന്റെ പട്രോളിംഗും മൂലം മാലിന്യങ്ങൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ കെ.വി. രതീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ നെജിമോൻ എന്നിവർ പറഞ്ഞു.
എരുമേലി പഞ്ചായത്ത് അധികൃതർ കരിമ്പിൻതോട് പാതയിൽ 15ഓളം ബോധവത്കരണ ബോർഡുകൾ മാലിന്യം ഇടരുതെന്ന് മുന്നറിയിപ്പായി സ്ഥാപിച്ചിരുന്നു. ഈ ബോർഡുകളുടെ ചുവട്ടിൽ വരെ മാലിന്യങ്ങൾ നിരന്ന കാഴ്ചയ്ക്ക് ഇപ്പോൾ കുറവുണ്ടെങ്കിലും മാലിന്യം എത്തുന്നത് നിലയ്ക്കുന്നില്ല. മാലിന്യമുക്ത വനപാത യാഥാർഥ്യമാക്കാൻ ബോധവത്കരണങ്ങൾ മാത്രമാക്കാതെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും മാലിന്യം ഇടുന്നവരെ പിടികൂടി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Tags : Erumeli road sabarimala erumeli road NattuVishesham DistrictNews