വാഹനത്തിനടിയിൽ വിശ്രമിക്കുന്ന തെരുവുനായകൾ
പേരൂർക്കട: തെരുവ് നായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിൽ ജഗതി നിവാസികൾ. വീടുകൾക്ക് സമീപവും വാഹനങ്ങളുടെ അടിയിലും തെരുവോരങ്ങളിൽ ഉടനീളവും നായ്ക്കൾ വിവരിക്കുന്നുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്താൽ ഇതിനടിയിൽ വന്നു കിടക്കുന്ന നായ്ക്കൾ ഉടമസ്ഥൻ വാഹനം എടുക്കാൻ ചെല്ലുമ്പോൾ കൂട്ടത്തോടെ കുരച്ചുകൊണ്ട് ചാടുന്നതാണ് പ്രധാന പ്രശ്നം.വീടുകളുടെ ഗേറ്റിനു സമീപം തമ്പടിക്കുന്ന നായ്ക്കൾ വീട്ടുകാർ പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ കുരച്ചുകൊണ്ട് ചാടുന്നുമുണ്ട്.
തിരുവനന്തപുരം നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ നായ് ശല്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ് ജഗതി എന്ന് പ്രദേശവാസികൾ പറയുന്നു. പകൽ സമയങ്ങളിൽ ഭക്ഷണം കിട്ടാതെ അലഞ്ഞു തിരിയുന്ന ഇവ രാത്രികാലങ്ങളിൽ ജനങ്ങളെ ആക്രമിക്കുന്നതും ഇടയ്ക്കിടെ സംഭവിക്കുന്നുണ്ട്.
വാഹനങ്ങളുടെയും വൃക്ഷങ്ങളുടെയും മറവിൽ നിൽക്കുന്ന നായ്ക്കൾ വഴിയാത്രികർക്കു നേരെ കുറച്ചുകൊണ്ട് ചാടുന്നതും ഇവിടെ സംഭവമാണ്. നായ്ക്കൾക്ക് ആഹാരം കൊടുക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരാണ് നായ്ക്കളെ കൂടുതൽ അക്രമാസക്തരാക്കുന്നത്.
ഇടയ്ക്കിടെ മാത്രം മത്സ്യ-മാംസാവശിഷ്ടങ്ങൾ കൊണ്ട് കൊടുക്കുന്നതിനാൽ ഇവ കിട്ടാതെ വരുമ്പോൾ നായ്ക്കൾ അക്രമാസക്തരാകുന്നത് സ്വാഭാവികമാണ്. വാഹനങ്ങളുടെ തണലേറ്റ് കിടക്കുന്ന നായ്ക്കളാണ് ഏറ്റവും കൂടുതൽ അക്രമാസക്തരായി മാറുന്നത്. റോഡ് വശത്തുകൂടി നടന്നു പോകുന്നവരെ വളരെ ദൂരം ഓടിച്ചിട്ട് ആക്രമിക്കുന്നതും ഇവിടെ സംഭവമാണ്.
തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാത്തതും നഗരസഭ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്താൻ ഇടപെടുന്നത് കുറവായതുമാണ് നായ്ക്കളുടെ ശല്യം വർധിച്ചു വരാനുള്ള കാരണം.
Tags : StrayDogs Thiruvananthapuram Nuisance Street