ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ-തുരുത്തിക്കാട് റോഡ് ചെളിനിറഞ്ഞ നിലയിൽ.
അതിരമ്പുഴ: ചെളിക്കുളമായ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ - തുരുത്തിക്കാട് റോഡിന് ഇനിയും ശാപമോക്ഷമില്ല. റോഡിലൂടെ യാത്ര അസാധ്യമായതോടെ അതിരമ്പുഴ പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ ജനങ്ങൾ വർഷങ്ങളായി ദുരിതത്തിലാണ്. നീണ്ടൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന റോഡിന്റെ റെയിൽവേയുടെ സ്ഥലത്തു കൂടിയുള്ള ഭാഗമാണ് തകർന്നുകിടക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരമേറിയ ലോറികൾ ഇതുവഴി നിരന്തരം സഞ്ചരിക്കുന്നതുമൂലം ഇപ്പോൾ റോഡ് കൂടുതൽ താഴ്ന്ന് ചെളി നിറഞ്ഞു കിടക്കുന്നതാണ് കാൽനടയാത്ര പോലും അസാധ്യമായിരിക്കുന്നത്.
ഏഴു പതിറ്റാണ്ടിലേറെയായി നൂറു കണക്കിന് ജനങ്ങൾ സഞ്ചരിക്കുന്ന റോഡിലൂടെ തവളക്കുഴി, പട്ടിത്താനം, കാട്ടാത്തി, മാവേലിനഗർ, കാണക്കാരി എന്നിവിടങ്ങളിലേക്കും നിർദിഷ്ട റിംഗ്റോഡിലേക്കും ഏറ്റുമാനൂർ ടൗണിൽ പ്രവേശിക്കാതെ എളുപ്പത്തിൽ എത്താൻ സാധിക്കും. ഈ പ്രദേശത്ത് താമസിക്കുന്ന ആളുകൾക്ക് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ, അതിരമ്പുഴ, മാന്നാനം തീർഥാടന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, യൂണിവേഴ്സിറ്റി, കുട്ടികളുടെ ആശുപത്രി, മെഡിക്കൽ കോളജ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡാണിത്. റെയിൽവേ സ്റ്റേഷനിലേക്ക് അര കിലോമീറ്റർ ദൂരം മാത്രം സഞ്ചരിക്കേണ്ടിയിരുന്നവർക്ക് ഇപ്പോൾ രണ്ടു കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്.
റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്ത് റോഡ് നിർമിക്കുന്നതിന് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ തടസമുന്നയിക്കുന്നതാണ് റോഡ് നിർമാണം സ്തംഭിപ്പിക്കുന്നത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ റെയിൽവേ സ്റ്റേഷനിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയായാലേ റോഡ് നിർമാണം നടക്കൂ എന്ന നിലപാടിലാണ് റെയിൽവേ. എന്നാൽ, സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് നാട്ടുകാർ പറയുന്നു.
റെയിൽവേയുടെ അധീനതയിലുള്ള ഭാഗം ലീസിന് വാങ്ങി റോഡ് നിർമിക്കാനുള്ള ശ്രമം പഞ്ചായത്ത് ഊർജിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.പഞ്ചായത്തിന്റെ ആവശ്യം മാനിച്ച് ഫീസ് അടച്ച് സ്ഥലം ലീസിന് എടുക്കാൻ സമ്മതമറിയിച്ച് നാലു വർഷം മുമ്പ് റെയിൽവേ പഞ്ചായത്തിന് കത്തു നൽകിയിരുന്നു. ഇതിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.
Tags : Nattuvishesham DistrictNews DeepikaNews