കൊലപാതകം നടന്ന വലപ്പാട് ബീച്ചിലെ വീട്.
തൃപ്രയാർ: യുവതിയുടെയും പിഞ്ചു മകന്റെയും ദാരുണമായ മരണവാർത്ത കേട്ടാണ് വലപ്പാട് ഗ്രാമം ഇന്നലെ ഉണർന്നത്. 24കാരിയായ വിസ്മയയും നാലര വയസുകാരൻ ദക്ഷും കൊലക്കത്തിക്കു മുന്നിൽ പിടഞ്ഞുവീണ വാർത്ത നടുക്കത്തോടെയാണ് ഗ്രാമവാസികൾ ശ്രവിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
തൃപ്രയാറിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തിരുന്ന വിസ്മയ ജോലിക്കു പോകുന്നതിനെച്ചൊല്ലിയും മറ്റും വീട്ടിൽ വഴക്കുണ്ടായിരുന്നതായി പറയുന്നു. ജോലി വേണ്ടെന്നുവയ്ക്കാൻ ഭർത്താവ് വിജേഷ് വിസ്മയയെ നിർബന്ധിച്ചിരുന്നുവത്രേ. വലപ്പാട്ടെ സ്വന്തം വീട്ടിലാണ് വിവാഹത്തിനുശേഷം വിസ്മയ താമസിച്ചിരുന്നത്. വയോധികയായ മാതാവും ഇളയ സഹോദരനും മാത്രമാണ് ഇവിടെയുള്ളത്.
ടിപ്പർ ഡ്രൈവറായ വിജേഷ് ചില ദിവസങ്ങളിൽ മാത്രമേ ഇവിടെ എത്താറുള്ളു. കൊലപാതകത്തിന്റെ തലേദിവസം കുടുംബവഴക്ക് തീർക്കാൻ ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ചിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ വിജേഷ് വിസ്മയയുമായി കൂടുതൽ വഴക്കുണ്ടാക്കിയെന്നാണ് വിവരം. ഒരുമിച്ച് ഉറങ്ങാൻ കിടന്ന ഇവരുടെ മുറിയിൽനിന്ന് നിലവിളി കേട്ടതോടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന സഹോദരൻ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പൊലിസ് കണ്ടെടുത്തു.
Tags : Murder NattuVishesham DistrictNews